തൃശൂര്‍:(www.truevisionnews.com) വ്യാജ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി തട്ടിപ്പ്. തൃശ്ശൂർ കൈപ്പമംഗലം സ്വദേശിയുടെ 46 ലക്ഷത്തോളം രൂപ നഷ്ടമായി. പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് 46 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ നാലുപേര്‍ കൈപ്പമംഗലം പോലീസിന്റെ പിടിയിലായി.
പല കാലയളവിലായിട്ടായിരുന്നു പണം തട്ടിയത്. കൊല്ലം സ്വദേശികളായ ഷിനാജ്, അബ്ദുള്ള, അസ്ലം എന്നിവരും തിരുവനന്തപുരം സ്വദേശിയായ ഷഫീര്‍ എന്നയാളുമാണ് പോലീസിന്റെ പിടിയിലായത്.
പ്ലസ് ടി.വി എന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്.
സംഘത്തിലെ അസ്ലമിനെ കര്‍ണാടക ഹൊസൂരില്‍നിന്നും ഷിനാജ്, അബ്ദുള്ള, ഷഫീര്‍ എന്നിവരെ തിരുവനന്തപുരം പൊഴിയൂരില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രതികള്‍ അയച്ചുകൊടുത്ത പല ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. നിക്ഷേപിച്ച പണംകൊണ്ട് വന്‍തുക തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചിരുന്നെങ്കിലും 90,991 രൂപ മാത്രം തിരികെ നല്‍കി.
തട്ടിപ്പുകാര്‍ പറഞ്ഞത് അനുസരിച്ച് 45,62,104 രൂപയാണ് പരാതിക്കാരൻ നൽകിയത്. എന്നാൽ പിന്നീട് പണം കിട്ടാതാവുകയും ചതിക്കപ്പെട്ടെന്ന് മനസിലാക്കുകയും ചെയ്തതോടെ ഓൺലൈൻ പോര്‍ട്ടല്‍ വഴി പൊലീസിൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു.
കൈപ്പമംഗലം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കസ്റ്റഡിയിലായത്.
അന്വേഷണ സംഘത്തില്‍ കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ എസ്.ഐ. സൂരജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, ജോതിഷ്, സി.പി.ഒമാരായ സൂരജ്, പ്രവീണ്‍ ഭാസ്‌കരന്‍ എന്നിവരും ഉണ്ടായിരുന്നു.
#46 #lakh #rupees #bought #believing #could #make #profit #through #OTTplatform #Finally #arrested