മുണ്ടക്കൈ (truevisionnews.com): മുണ്ടക്കൈ ഉരുൾദുരന്തം അതിജീവിച്ച വിദ്യാർഥികളുടെ തുടർപഠനം ആഗസ്റ്റ് 20ന് ആരംഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല.
ഒറ്റ രാത്രി കൊണ്ട് മൂന്ന് ഗ്രാമങ്ങളും അനേകം ജീവനുകളും രണ്ടു സ്കൂളുകളും നൂറുകണക്കിന് കുടുംബങ്ങളുടെ ആയുസ്സിലെ സമ്പാദ്യവും ഇല്ലാതായ ദുരന്തം അതിജീവിച്ച വിദ്യാർഥികളുടെ പഠനം ഇതോടെ പ്രതിസന്ധിയിലായി.
ദുരന്തം നടന്ന് മൂന്നാഴ്ചയായിട്ടും മേഖലയിലെ വിദ്യാർഥികൾക്ക് തുടർപഠനത്തിന് സംവിധാനമായിട്ടില്ല. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ആറു സ്കൂളുകളിലെ വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലാണ്.
ഉരുൾ കശക്കിയെറിഞ്ഞ രണ്ടു സ്കൂളുകളിൽ 658 കുട്ടികളാണ് പഠിച്ചിരുന്നത്. ഇതിൽ 28 പേരുടെ മൃതദേഹം കണ്ടെടുത്തു. 15 വിദ്യാർഥികൾ ഇപ്പോഴും കാണാമറയത്താണ്.
വെള്ളാർമല ജി.വി.എച്ച്.എസ്.എസിൽ 585 വിദ്യാർഥികളുള്ളതിൽ 22 പേർ മരിച്ചു. 10 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മുണ്ടക്കൈ എൽ.പി സ്കൂളിൽ നഴ്സറിയിൽ ഉൾപ്പെടെ 73 കുട്ടികളാണ് ഉണ്ടായിരുന്നത്.
ഇതിൽ ആറുപേർ മരണപ്പെടുകയും അഞ്ചു കുട്ടികളെ കാണാതാവുകയും ചെയ്തു.
ദുരന്തം തകർത്ത രണ്ടു സ്കൂളുകളിലെയും വിദ്യാർഥികളുടെ പഠനം മുടങ്ങില്ലെന്നും മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും എ.പി.ജെ കമ്യൂണിറ്റി ഹാളിലുമായി ഇവർക്ക് ആഗസ്റ്റ് 20ഓടെ പഠനസൗകര്യമൊരുക്കുമെന്നുമാണ് തുടക്കത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്.
എന്നാൽ, താൽക്കാലിക പുനരധിവാസം എവിടെയും എത്താത്തതിനാൽ മേപ്പാടി സ്കൂളിലടക്കം ദുരിതാശ്വാസ ക്യാമ്പുകൾ തുടരുകയാണ്.
ഇവിടങ്ങളിലെ വിദ്യാർഥികളുടെ പഠനവും താൽക്കാലിക പുനരധിവാസം പൂർത്തിയാകാത്തതുകാരണം അവതാളത്തിലായി. ക്യാമ്പുകളിൽ ഇപ്പോൾ 101 കുട്ടികൾ കഴിയുന്നുണ്ട്.
കൂടാതെ 61 പേര് ബന്ധു വീടുകളിലും ബാക്കിയുള്ളവർ സ്വന്തം വീടുകളിലുമാണ്. അഞ്ച് കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്.
#not #implemented #the #study #was #in #crisis