ആലപ്പുഴ: (truevisionnews.com)പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ 2025 മാർച്ച് വരെ പക്ഷി വളർത്തൽ നിരോധിക്കണമെന്ന റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാറിന്റെ അനുമതി കാത്ത് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്.
ഇത്രയും നാൾ പക്ഷി വളർത്തൽ നിരോധിക്കണമെങ്കിൽ കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. അതിന് കേന്ദ്ര സർക്കാർ നഷ്ടപരിഹാര തുക അനുവദിച്ചാൽ മാത്രമേ നിരോധനം നടപ്പാക്കാനാവൂ എന്നാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നിലപാട്.
റിപ്പോർട്ട് കേന്ദ്ര സർക്കാറിന് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ കേന്ദ്ര തീരുമാനം അറിയാനാകുമെന്നാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വൃത്തങ്ങൾ പറയുന്നത്.
കേന്ദ്രം ധനസഹായം നൽകാൻ തയാറല്ലെങ്കിൽ നിരോധനം നടപ്പാക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഏഴ് മാസത്തിലേറെ നീളുന്ന പക്ഷിവളർത്തൽ നിരോധനം ജില്ലയിലെ തനത് താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയുടെ വംശനാശത്തിന് ഇടയാക്കുമെന്ന് താറാവ് കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു.
420 താറാവ് കർഷകരാണ് ജില്ലയിലുള്ളത്. ഇവരുടെ ജീവിതവും വഴിമുട്ടും. ഇവരുടെ പക്കൽ ഇപ്പോൾ ഒരുലക്ഷത്തിലേറെ താറാവുകളുണ്ട്. ഇവയെ എന്തു ചെയ്യുമെന്ന ചോദ്യവുമുയരുന്നു.
ജില്ലയിൽ ഇറച്ചിക്കോഴി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം വഴിമുട്ടുമെന്ന ആശങ്ക കോഴികർഷകരും ഉയർത്തുന്നു.
ദീർഘകാലം നിരോധനം ഏർപ്പെടുത്തിയാൽ പിന്നീട് കുഞ്ഞുങ്ങളെ വളർത്തി വിൽപനക്ക് തയാറാക്കാൻ മാസങ്ങളെടുക്കും. ഒരുവർഷത്തോളം തൊഴിലും ജീവനോപാധിയും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കണമെന്നാണ് കോഴി, താറാവ് കർഷകർ ആവശ്യപ്പെടുന്നത്.
കര്ഷകരുടെ താല്പര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ച് പുനരധിവാസം നടപ്പാക്കിയതിനു ശേഷം മാത്രമേ നിരോധനത്തെക്കുറിച്ച് ആലോചിക്കാവുള്ളൂവെന്ന് താറാവ് കർഷകരും കോഴികർഷകരും ആവശ്യപ്പെടുന്നു.
മുട്ടക്കോഴികളെ വളർത്തി ഉപജീവനം നടത്തുന്ന കുടുംബങ്ങളും ജില്ലയിൽ നിരവധിയുണ്ട്. ജില്ലയിൽ അരലക്ഷത്തോളം ആളുകൾ പ്രത്യക്ഷമായും പരോക്ഷമായും തൊഴിലായി സ്വീകരിച്ചിട്ടുള്ള മേഖലയാണ് കോഴി വളർത്തൽ.
അടിയന്തരമായി നടപ്പാക്കേണ്ടവ, സമീപകാലത്ത് നടപ്പാക്കേണ്ടവ, ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടവ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ശിപാർശകളാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ കർഷകർക്ക് ഗുണമുണ്ടാകുന്ന സംസ്ഥാന സർക്കാറിന് ചെയ്യാവുന്ന നിർദേശങ്ങൾപോലും നടപ്പാക്കുന്നില്ലെന്ന കുറ്റപ്പെടുത്തൽ കർഷകരിൽനിന്ന് ഉയരുന്നു.
വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത് ഉദ്യോഗസ്ഥ ലോബിയുടെ വാദങ്ങൾ പക്ഷിപ്പനി ബാധ നിയന്ത്രിക്കാൻ ശിപാർശകൾ സമർപ്പിക്കാൻ നിയോഗിച്ച സമിതി തയാറാക്കിയ റിപ്പോർട്ടിലുള്ളത് ഉദ്യോഗസ്ഥ ലോബിയുടെ കാലങ്ങളായി നിരത്തുന്ന വാദങ്ങളാണെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.
കുട്ടനാട് മേഖലയിൽ താറാവുകളെ പാടത്തും കായലിലും തുറന്നുവിട്ട് വളർത്തുന്ന രീതി മാറ്റി കൂടുകളിലും ഫാമുകളിലും വളർത്തണമെന്നത് കാലങ്ങളായി നിരണം താറാവ് ഫാമിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതാണ്.
ഇവർ തങ്ങളെ ശത്രുതയോടെയാണ് കാണുന്നതെന്നാണ് താറാവ് കർഷകരുടെ ആക്ഷേപം. കൂടുകളിലും ഫാമുകളിലും താറാവുകളെ വളർത്തുന്നത് തീറ്റച്ചെലവ് കൂട്ടുമെന്നും താറാവ് മുട്ടയുടെയും ഇറച്ചിയുടെയും ജൈവപ്രകൃതം ഇല്ലാതാക്കുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
ജൈവമുട്ട, ഇറച്ചി എന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ താറാവുകളുടെ ജൈവപ്രകൃതം നശിപ്പിക്കാൻ കൂട്ടുനിൽക്കരുതെന്നാണ് കർഷകരുടെ ആവശ്യം. കൂട്ടിലിട്ട് വളർത്തുന്നതിന്റെ സാമ്പത്തിക വശങ്ങൾ വിശദമായി പഠിച്ച് അത് ലാഭകരമായി നടത്താൻ കഴിയുന്നതാണെങ്കിൽ അതു നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.
താറാവ് കർഷകർ കൊള്ളലാഭം കൊയ്യുന്നവരാണെന്നും കള്ളിങ് നടത്തി കൊന്നൊടുക്കുമ്പോൾ നഷ്ടപരിഹാരമായി ലഭിക്കുന്ന തുക തന്നെ വളരെ ഉയർന്നതാണെന്നും ഉദ്യോഗസ്ഥർ വാദിക്കുന്നുണ്ട്.
മൃഗസംരക്ഷണ മന്ത്രിപോലും അത്തരത്തിലാണ് അഭിപ്രായം പറയുന്നതെന്നും താറാവ് കർഷകർ കുറ്റപ്പെടുത്തുന്നു. 400 രൂപക്ക് മുകളിൽ ലഭിക്കുന്ന താറാവുകളെ കൊന്നിട്ട് 200 രൂപ നൽകുന്നതാണ് ഉയർന്ന തുകയായി വ്യാഖ്യാനിക്കുന്നതെന്നും കർഷകർ പറയുന്നു.
#prohibition #poultry #farming #state #government #awaiting #central #approval