പട്ടിക്കാട്: (truevisionnews.com)ലേലം വിളിച്ചെടുത്ത മുറിയിൽ പ്രവർത്തിക്കാൻ അനുമതി നിഷേധിച്ചതായി ആരോപിച്ചു സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം മുൻ പഞ്ചായത്ത് അംഗം കുത്തിയിരിപ്പു സമരം നടത്തി.
സിപിഎം നിയന്ത്രണത്തിലുള്ള പട്ടികജാതി–പട്ടികവർഗ റിസർവോയർ ഫിഷറീസ് സഹകരണ സംഘം പ്രസിഡന്റ് കൂടിയായ അംബികാ ചിദംബരമാണു പഞ്ചായത്ത് ഓഫിസിനു മുന്നിൽ പകൽ മുഴുവൻ കുത്തിയിരിപ്പു സമരം നടത്തിയത്.
പ്ലക്കാർഡുമായി പാർട്ടി നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ഒറ്റയാൾ സമരം. വൈകിട്ടോടെ സിപിഎം നേതാക്കൾ ഇടപെട്ടു പ്രതിഷേധം അവസാനിപ്പിച്ചു.
പട്ടിക്കാട് പട്ടികജാതി വനിതാ സമുച്ചയത്തിലെ മുറി ലേലം ചെയ്ത് രണ്ടുമാസത്തെ വാടക നൽകിയിട്ടും പ്രവർത്തനം തുടങ്ങുന്നതിന് പഞ്ചായത്ത് അനുമതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് അംബിക കുത്തിയിരിപ്പു സമരം നടത്തിയത്.
പഞ്ചായത്തിനെതിരെ കേസിനു പോയതുകൊണ്ടാണ് ലേലം ചെയ്ത മുറിക്ക് കരാർ എഴുതാൻ സമ്മതിക്കാത്തതെന്ന്് സെക്രട്ടറി പറഞ്ഞതായും അംബിക പറഞ്ഞു.
കഴിഞ്ഞ ജൂൺ 10നു ലേല നോട്ടീസിലെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കടമുറി ലേലത്തിൽ എടുത്തിരുന്നു. തുടർന്നു പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ട് സംരംഭം ആരംഭിക്കുവാൻ പഞ്ചായത്ത് അനുവദിക്കുന്നില്ലെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതായും അംബിക പറഞ്ഞു.
എന്നാൽ, പഞ്ചായത്ത് ഭരണസമിതിയുടെ ഏകകണ്ഠമായ തീരുമാനത്തെത്തുടർന്നാണു അംബികയ്ക്കു മുറി നിഷേധിച്ചതെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പറഞ്ഞു.
വനിതാ സമുച്ചയത്തിൽ അംബിക സെക്രട്ടറിയായി തുടങ്ങിയ സംരംഭക യൂണിറ്റിൽ ക്രമക്കേടുകൾ നടന്നതായി ആക്ഷേപമുണ്ടെന്നും വാടകയിനത്തിൽ വലിയൊരു തുക പഞ്ചായത്തിനു നൽകാനുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
#No #permission #work #room #where #the #auction #was #held #panchayat #member #ambikachidambaram #staged #strike