തൃശൂര്‍: (truevisionnews.com) വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷന്‍ ഹോമിലെ ശ്രീലങ്കന്‍ സ്വദേശിയായ തടവുപുള്ളി അജിത് കിഷന്‍ പെരേരയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
റിമാന്‍ഡ് പ്രതിയായിരുന്ന ഇയാള്‍ കഴിഞ്ഞ മാസം ഒന്നിന് അയ്യന്തോള്‍ കോടതി പരിസരത്തുവച്ച് പൊലീസ് കസ്റ്റഡിയില്‍നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച ലഹരിമരുന്ന് കടത്തു കേസിലെ പ്രതിയായ ഇയാള്‍ ജയില്‍ മാറ്റത്തിന്റെ ഭാഗമായാണ് വിയ്യൂര്‍ ജയിലിലെത്തിയത്. ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് രക്ഷപ്പെട്ടത്.
ഒളരി പള്ളി കോമ്പൗണ്ടില്‍നിന്നും സൈക്കിള്‍ എടുത്ത് തീരദേശ റോഡിലൂടെ വരാപ്പുഴ പാലം വഴി മട്ടാഞ്ചേരിയില്‍ എത്തിയതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.
പോകുന്ന വഴി പെട്രോള്‍ പമ്പിലെ ബാത്ത് റൂം സൗകര്യങ്ങള്‍ ഉപയോഗിച്ചതായും അറിഞ്ഞിട്ടുണ്ട്.
മട്ടാഞ്ചേരിയില്‍ എത്തിയ പ്രതി മൂന്നു ദിവസങ്ങളോളം ബോട്ടുജെട്ടിയിലും പരിസരങ്ങളിലും കഴിഞ്ഞതായും പിന്നീട് ജൂലൈ 27 ന് ശേഷം പ്രതിയെ ഈ പരിസരങ്ങളില്‍നിന്നും കാണാതായിട്ടുണ്ടെന്നുമാണ് വിവരം.
പ്രതി എറണാകുളത്തും തീരപ്രദേശങ്ങളിലും ഉണ്ടാകുമെന്ന സൂചനയുള്ളതിനാല്‍ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നതിനായി ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
ഈ പ്രദേശങ്ങളില്‍ പൊലീസ് അന്വേഷണവും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. അമ്പതോളം സി സി ടി വി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചും നൂറോളം പേരെ കണ്ട് ചോദിച്ചുമാണ് അന്വേഷണം നടത്തിയത്.
പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
#careful #Kochi #residents #see #report #polic #nvestigation #ongoing