തൃശ്ശൂര്‍: (truevisionnews.com) വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ എല്ലാവര്‍ഷവും ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലിക്കളി ഒഴിവാക്കി.
പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷൻ യോഗം തീരുമാനിച്ചു.
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കാൻ ഇന്ന് ചേര്‍ന്ന കോര്‍പ്പറേഷൻ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം സെപ്റ്റംബര്‍ 18നായിരുന്നു പുലിക്കളി നടക്കേണ്ടിയിരുന്നത്.
സെപ്റ്റംബര്‍ 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. പുലികളിക്കും കുമ്മാട്ടിക്കളിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു.
എന്നാല്‍, കേരളം ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് വയനാട്ടിലുണ്ടായ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കാൻ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോര്‍പ്പറേഷൻ അധികൃതര്‍ അറിയിച്ചു.
വര്‍ഷംതോറം നടക്കാറുള്ള പുലിക്കളി കാണാനായി വിവിധയിടങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളാണ് എത്താറുള്ളത്. തൃശൂര്‍ റൗണ്ടിലാണ് പുലിക്കളി നടക്കാറുള്ളത്.
#time #Thrissur #tigers #kummatikali #decision #wake #Wayanadtragedy