കൽപ്പറ്റ: (truevisionnews.com) വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കവും ശബ്ദവും കേട്ടതായി നാട്ടുകാർ.
ഭൂമുഴക്കം ഉണ്ടായ പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ പത്തിനും പത്തരയ്ക്കും ഇടയിലായിരുന്നു അസാധാരണ ശബ്ദവും ചെറിയ പ്രകമ്പനവും. ജനൽ ഭയങ്കരമായി കുലുങ്ങിയെന്ന് നാട്ടുകാരിൽ ഒരാൾ പറയുന്നു.
'പത്തേ പത്തായിക്കാണും, അടുക്കളയുടെ ജനലിനടുത്ത് നിൽക്കുകയാണ് ഞാൻ. ജനലൊക്കെ ഭയങ്കരമായി കുലുങ്ങി. കിലുകിലി ശബ്ദമുണ്ടായി. അത് കുറച്ചു നേരം നിന്നു.' എന്നായിരുന്നു പ്രതികരണം.
ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി പറഞ്ഞു. 'പൊഴുതന പഞ്ചായത്തിൽ സുഗന്ധഗിരി, മേൽമുറി, സേട്ടുകുന്ന്, ചെന്നായ്ക്കവല തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ പത്ത് പത്തരയോടു കൂടി വലിയ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടു.
ശബ്ദവും പ്രകമ്പനവും ഉണ്ടായി. മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. ഇവിടെയുള്ള ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.'- അവർ കൂട്ടിച്ചേർത്തു.
ബോംബ് പൊട്ടിയ പോലെ ഒറ്റ ശബ്ദമാണ് ഉണ്ടായതെന്ന് എടക്കൽ ഗുഹയ്ക്ക് സമീപത്ത് താമസിക്കുന്ന രാജ്കുമാർ പറഞ്ഞു. സുരക്ഷിത സ്ഥലം കണ്ടെത്തിയ ശേഷമാണ് ആളുകളോട് മാറാൻ നിർദേശിക്കേണ്ടതെന്ന് നാട്ടുകാർ പറയുന്നു. 'ഇപ്പോൾ മഴയില്ല, ഒരാഴ്ചയായി വെയിലാണ്.
ഈ പ്രകമ്പനം കോഴിക്കോട് ജില്ലയിൽ കൂടി ഉണ്ടായി. പിന്നെ ആളുകളോട് എങ്ങോട്ട് മാറണമെന്നാണ് പറയുന്നത്. സുരക്ഷിതമായ സ്ഥലം കണ്ടെത്തി മാറാൻ പറയണം.
ആളുകളെ പരിഭ്രാന്തരാക്കാതെ പഠനം നടത്തി എന്താണ് ഉണ്ടായത് എന്ന് വ്യക്തമായി ബോധ്യപ്പെടുത്തണം. അതാണ് ചെയ്യേണ്ടത്.' - നാട്ടുകാരിൽ ഒരാൾ പ്രതികരിച്ചു.
അമ്പലവയൽ വില്ലേജിലെ ആർ.എ.ആർ.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാൻ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്.
പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറയുന്നു.
#earthquake #wayanad #tremor #what #native #say