മുണ്ടക്കൈ: (truevisionnews.com) മുണ്ടക്കൈയിൽ കാണാമറയത്തുള്ളവർക്ക് വേണ്ടി സൈന്യം ഇപ്പോഴും ദൗത്യം തുടരുകയാണ്. തിരച്ചിൽ സംഘത്തിലുള്ള ഒരു സൈനികന് ഇത് പക്ഷെ വെറുമൊരു ദൗത്യമല്ല..
ഇനിയും കണ്ടെത്താത്ത തന്റെ ബന്ധുക്കൾക്കും സഹപാഠികൾക്കും വേണ്ടിയുള്ള അലച്ചിൽ കൂടിയാണ്. ജിത്തു തിരയുകയാണ്. മണ്ണടരുകളിലെവിടെയോ അമ്മൂമ്മയുണ്ട്. മാമനും ഭാര്യയും മകനുമുണ്ട്. കൂട്ടുകാരുണ്ട്.
കൂടെയുള്ള സൈനികർ തിരച്ചിൽ പൂർത്തിയാക്കിയ ഇടങ്ങളിലും ജിത്തുവിന്റെ കണ്ണ് പായും. 'അവരൊക്കെ ഇനി ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല.
അവസാനമായിട്ട് ഒന്ന് കാണമെന്നുണ്ട്..' ജിത്തു പറയുന്നു. വെള്ളാർമല സ്കൂളിന്റെ ഇടിഞ്ഞു പൊളിഞ്ഞ ഭിത്തികൾ കാണുമ്പോൾ ഉള്ളം പിടയും.
പഠിച്ചും കളിച്ചും വളർന്ന ആ മുറ്റത്ത് വെച്ച് തന്നെ ആദരിച്ച നിമിഷങ്ങളോർക്കും.'ഒരുപാട് വിഷമമുണ്ട്. ഞങ്ങൾ കളിച്ചു നടന്ന ഗ്രൗണ്ട് ഇപ്പോൾ പുഴയാണ്.
അവിടെയുണ്ടായിരുന്ന വീടുകളെല്ലാം പുഴയാണ്'. ജിത്തുവിന്‍റെ വാക്കുകള്‍ ഇടറി. മദ്രാസ് റെജിമെന്റിന് കീഴിൽ ബംഗളൂരു സൈനിക ക്യാമ്പിൽ ജോലി ചെയ്യവെയാണ് ഉരുളെടുത്ത സ്വന്തം മണ്ണിന്റെ രക്ഷാദൗത്യത്തിനായി ജിത്തു നിയോഗിക്കപ്പെടുന്നത്.
നിലമ്പൂർ കാടുകൾക്കുള്ളിൽ ജീവൻ പണയം വെച്ചും ഇപ്പോഴും ദൗത്യം തുടരുകയാണ് ജിത്തുവും സഹപ്രവർത്തകരും.
#wayanad #mudakkai #landslide #soldier #search #his #relatives #mundakai