കൊല്ലം: (truevisionnews.com) വിരമിച്ച ബി.എസ്.എൻ.എൽ. ജീവനക്കാരൻ പാപ്പച്ചനെ കൊലപ്പെടുത്താൻ പ്രതികളായ സരിതയും അനിമോനും അടക്കമുള്ളവർ നടത്തിയത് ’മികച്ച’ ആസൂത്രണം.
കുടുംബാംഗങ്ങളോട് പാപ്പച്ചൻ പുലർത്തിയിരുന്ന അകലം അദ്ദേഹത്തോട് അടുക്കാനുള്ള അവസരമാക്കിയാണ് സരിത തട്ടിപ്പുകളും കൊലപാതകശ്രമങ്ങളും നടത്തിയത്.
ആശ്രാമം മൈതാനത്തും പരിസരത്തുമെല്ലാം സൈക്കിളിൽ സ്ഥിരമായി പാപ്പച്ചൻ സഞ്ചരിക്കാറുണ്ടെന്നു മനസ്സിലാക്കിയായിരുന്നു പ്രതികളുടെ നീക്കങ്ങൾ.
പാപ്പച്ചൻ വീട്ടിൽനിന്നു പുറത്തിറങ്ങുന്ന സമയംനോക്കി അദ്ദേഹത്തെ അപായപ്പെടുത്താനായിരുന്നു തീരുമാനം. ശങ്കേഴ്‌സ് ആശുപത്രി പരിസരം, കടപ്പാക്കട ഭാഗം എന്നിവിടങ്ങളിലെല്ലാംവെച്ച് സൈക്കിളിൽ മാഹീന്റെ ഓട്ടോയിടിപ്പിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഈ ശ്രമം വിജയിക്കില്ലെന്ന് ഉറപ്പായതോടെയാണ് അനിമോനുമായി ബന്ധപ്പെട്ട് കാർ വാടകയ്ക്കെടുത്തത്. കനത്ത മഴമൂലം വീടിനു പുറത്തിറങ്ങാതിരുന്ന പാപ്പച്ചനെ പുറത്തിറക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.
ലക്ഷങ്ങൾ കൈയിലുണ്ടെങ്കിലും ലളിതജീവിതമാണ് പാപ്പച്ചൻ നയിച്ചിരുന്നത്. മിക്കപ്പോഴും നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാൻ ആശ്രാമം കൈരളി നഗറിലെ വീട്ടിൽനിന്ന് ഓലയിലെ ധനകാര്യസ്ഥാപനത്തിൽ എത്തിയിരുന്നു.
അപ്പോഴെല്ലാം ഉയർന്ന പലിശ വാഗ്ദാനംചെയ്ത് കൂടുതൽ പണം സ്ഥാപനത്തിൽ നിക്ഷേപിക്കാൻ സരിത അദ്ദേഹത്തെ നിർബന്ധിച്ചിരുന്നു. അദ്ദേഹത്തിൽനിന്ന് ചെക്കുകളും വാങ്ങി.
ഈ ചെക്ക് ഉപയോഗിച്ച് ധനകാര്യസ്ഥാപനത്തിൽ ഇട്ടിരുന്ന 36 ലക്ഷം രൂപയിൽനിന്ന് ആറുലക്ഷം രൂപ സരിത വായ്പയായി എടുത്തു. പിന്നീട് അഞ്ചുലക്ഷവും പിൻവലിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിൽ ഉണ്ടായിരുന്ന 14 ലക്ഷം രൂപയും പിൻവലിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ ഉണ്ടായിരുന്ന 26 ലക്ഷവും കൈക്കലാക്കി. പാപ്പച്ചന്റെ അക്കൗണ്ടുകളിൽനിന്ന് പിൻവലിക്കപ്പെട്ട തുകകൾ 70 ലക്ഷത്തോളം വരുമെന്നാണ് പോലീസിന്റെ കണക്ക്.
പണം നഷ്ടപ്പെട്ടതായുള്ള പാപ്പച്ചന്റെ പരാതിയെത്തുടർന്ന് സരിത ജോലി ചെയ്തിരുന്ന ധനകാര്യസ്ഥാപനത്തിന്റെ അധികൃതർ കണക്കുകൾ പരിശോധിച്ചു. മറ്റ് ഏഴുപേരുടെ അക്കൗണ്ടുകളിൽനിന്നും പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു.
വയോധികരുടെ പണമാണ് കൂടുതലും പിൻവലിക്കപ്പെട്ടത്. ഈ വിവരം സ്ഥാപന അധികൃതർ പുറത്തുവിട്ടിരുന്നില്ല. ചെറിയ തുകകളായിരുന്നതിനാൽ നിക്ഷേപകർക്കെല്ലാം ധനകാര്യസ്ഥാപനം പണം മടക്കിനൽകി.
ഈ തുകകളെല്ലാം തിരിച്ചടയ്ക്കണമെന്നും അല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സരിതയെ അറിയിക്കുകയും ചെയ്തു. പാപ്പച്ചന്റേതടക്കമുള്ള പണം തിരികെ നൽകാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് സരിത കൊലപാതകം ആസൂത്രണം ചെയ്തത്.
പാപ്പച്ചന്റെ ഭാര്യ വർഷങ്ങളായി ജോലിചെയ്തിരുന്നത് ഗവ. ബോയ്‌സ് ഹൈസ്കൂളിലായിരുന്നു. ഇതിനടുത്തുള്ള ധനകാര്യസ്ഥാപനമെന്ന നിലയിലാണ് അഞ്ചാലുംമൂട് റോഡിലുള്ള സ്ഥാപനത്തിൽ നിക്ഷേപത്തിനു തയ്യാറായത്.
മാനേജർ സരിതയും അനൂപും ഉൾപ്പെടെ മൂന്നുപേർ മാത്രമേ ഇവിടെ ജീവനക്കാരായുള്ളൂ. ഇവരോടൊക്കെ പാപ്പച്ചന് നല്ല അടുപ്പമായിരുന്നു. മക്കൾ വിദേശത്താണെന്നും ഭാര്യ ഒപ്പമില്ലെന്നും ജീവനക്കാരോടു പറയുകയും വിഷമങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവിടങ്ങളിലെല്ലാം സ്ഥിരനിക്ഷേപവും ഉണ്ടായിരുന്നു. മറ്റു ബാങ്കുകളിലെ നിക്ഷേപം കഴിയുന്നത്ര തങ്ങളുടെ സ്ഥാപനത്തിലേക്ക് കൊണ്ടുവരാൻ പ്രതികൾ നിർബന്ധിച്ചിരുന്നു.
നിക്ഷേപത്തിനുമേൽ പല വായ്പകളെടുക്കാനും പ്രതികൾ ശ്രമിച്ചു. പണം വിട്ടുകളിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല പാപ്പച്ചൻ. മറ്റു നിക്ഷേപങ്ങൾ കൊണ്ടുവന്നാൽ തങ്ങൾക്ക് ലഭിക്കുന്ന ഇൻസെന്റീവ് (പ്രോത്സാഹനത്തുക) നൽകാമെന്ന് വാഗ്‌ദാനം നൽകിയാണ് കെണിയിൽ വീഴ്‌ത്തിയത്.
ബി.എസ്.എൻ.എല്ലിൽനിന്നു അസിസ്റ്റന്റ് ജനറൽ മാനേജരായി വിരമിച്ച സി.പാപ്പച്ചന്റെ അപകടമരണത്തിൽ ബന്ധു മൊഴിനൽകിയതിന് പിന്നാലെ മകൾ റേയ്ച്ചൽ പാപ്പച്ചനും കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
അപ്പച്ചന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സംശയങ്ങളും ധനകാര്യസ്ഥാപനത്തിലെ അക്കൗണ്ട് വിവരങ്ങളും സ്റ്റേഷൻ ഇൻസ്പെക്ടർക്ക് നൽകിയിരുന്നു.
ഇതും അന്വേഷണത്തിൽ പോലീസിന് ഏറെ നിർണായകമായി. ശങ്കേഴ്‌സ് ആശുപത്രിക്കുസമീപം കൈരളി നഗർ 122-ൽ കുളിർമ ഹൗസിൽ ഒറ്റയ്ക്കായിരുന്നു താമസം.
കുടുംബവുമായി വർഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു പാപ്പച്ചൻ. മേയ് 27-ന് കുടുംബ ഇടവകയായ പന്തളം, കുടശ്ശനാട് സെയ്ന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാരം. ഭാര്യ: മെറ്റീൽഡ ഡാനിയൽ. ജേക്കബ് പാപ്പച്ചൻ മകനാണ്.
കൊല്ലത്ത് വെള്ളയിട്ടമ്പലം ബി.എസ്.എൻ.എൽ. ഓഫീസിൽനിന്ന് 2002 നവംബറിലാണ് പാപ്പച്ചൻ അസിസ്റ്റന്റ് ജനറൽ മാനേജരായി വിരമിച്ചത്. കുടുംബവുമായി അകന്ന് ഒറ്റയ്ക്കായിരുന്നു താമസമെങ്കിലും പണം വെറുതെ കളയുന്ന ആളായിരുന്നില്ല.
ഓഹരിനിക്ഷേപത്തിലും ദൈനംദിന ട്രേഡിങ്ങിലും താത്‌പര്യമുണ്ടായിരുന്നതായും അതുവഴി ധാരാളം പണം സമ്പാദിച്ചിരുന്നതായും പറയുന്നു.
വിരമിച്ചശേഷം രണ്ടു പതിറ്റാണ്ടിലേറെയായി കൊല്ലത്തുള്ള പാപ്പച്ചൻ ഞായറാഴ്ചകളിൽ പതിവായി കടപ്പാക്കടയിലെ ഓർത്തഡോക്സ് ദേവാലയത്തിൽ എത്തുമായിരുന്നു.
പ്രതികളിലേക്ക് എത്തിയത് സി.സി.ടി.വി.ദൃശ്യത്തിലൂടെ
കൊലപാതകത്തിനു ഗൂഢാലോചന നടത്തിയെങ്കിലും സി.സി.ടി.വി.ദൃശ്യത്തിൽനിന്നു രക്ഷപ്പെടാൻ പ്രതികൾക്കായില്ല. കൊലപാതകം നടന്ന ആശ്രാമം ഗസ്റ്റ് ഹൗസിനു സമീപം വിജനമായ ഇടവഴികളുണ്ട്.
സൈക്കിളിൽ പതിവായി വരുന്ന പാപ്പച്ചനെ ഓട്ടോയിടിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യശ്രമം. തന്റെ പണം തിരിമറി ചെയ്തെന്ന് പാപ്പച്ചൻ സംശയം ഉന്നയിച്ചതിനെത്തുടർന്നാണ് സരിതയും അനൂപും ചേർന്ന് കൊലപാതകശ്രമം തുടങ്ങിയത്.
ഇതിനായി സരിത മുമ്പ് ജോലിചെയ്തിരുന്ന ധനകാര്യസ്ഥാപനത്തിലെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിച്ചു നൽകുന്ന സംഘത്തിലെ അംഗമായ അനിമോനെ ഒപ്പംകൂട്ടി.
മേയ് 20, 21, 22 തീയതികളിൽ ഓട്ടോയിടിച്ചു കൊലപ്പെടുത്താൻ പദ്ധതിയിട്ടു. എന്നാൽ മൂന്നു ശ്രമങ്ങളും വിജയിച്ചില്ല. തുടർന്നാണ് വാടകയ്ക്ക് കാറെടുത്ത് കൃത്യം നടപ്പാക്കിയത്.
കെ.എൽ. 31 സി-5009 എന്ന നീല വാഗൺ ആർ കാറിന്റെ ഉടമസ്ഥൻ സജീവ് എന്നയാളാണ്. ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടില്ലെന്നു തെളിഞ്ഞതിനാൽ സജീവിനെ പ്രതിയാക്കിയില്ല.
പിടിക്കപ്പെടില്ലെന്നും അഥവാ പിടികൂടിയാൽ അത് കാറിന്റെ ഉടമയെ ആകുമെന്നും പ്രതികൾ കരുതി. സരിതയും അനൂപും അനിമോനും സരിതയും തമ്മിൽ നടന്ന ഫോൺ വിളികൾ സൈബർ പോലീസ് പരിശോധിച്ചപ്പോൾ കൂടുതൽ തെളിവു ലഭിച്ചതും അറസ്റ്റിലേക്ക് വഴിതെളിച്ചു.
അടിയന്തരചികിത്സ കിട്ടാതിരിക്കാനും ശ്രമിച്ചു
ഗസ്റ്റ് ഹൗസിനു സമീപം അഡ്വഞ്ചർ പാർക്കിനെ ചുറ്റി റോഡുണ്ട്. വിശാലമായ ഈ റോഡിന്റെ ഒരുഭാഗത്തെ സംഭവം മറുഭാഗത്ത് അത്ര വ്യക്തമായി കാണാനാകില്ല.
ശ്രീനാരായണ കൺവെൻഷൻ സെന്ററിനു പിന്നിലാണ് സംഭവം നടന്നത്. ആസൂത്രണം ചെയ്തപ്രകാരം അനിമോന് അടയാളം നൽകാനും ആളെ തെറ്റാതിരിക്കാനും സരിത നിയോഗിച്ചത് അനൂപിനെയായിരുന്നു.
സൈക്കിളിൽ വരുന്ന പാപ്പച്ചനു മുമ്പേ പോയി അനൂപ് അടയാളം നൽകി. ഇതനുസരിച്ചാണ് അനിമോൻ കാർ വേഗത്തിലോടിച്ചുവന്ന് പാപ്പച്ചനെ ഇടിച്ചിട്ടത്.
ഇടിയിൽ കാറിന്റെ ചില്ല് പൊട്ടിയെങ്കിലും പാപ്പച്ചനെ ഉപേക്ഷിച്ച് നിർത്താതെ ഓടിച്ചുപോയി. ഓട്ടോ ഡ്രൈവറും മറ്റൊരു പ്രതിയുമായ മാഹിനും ഈ സമയം അവിടെയെത്തി.
ഓടിയെത്തിയ ആളുകളെ ആംബുലൻസ് വരട്ടെയെന്ന് മാഹിൻ വിലക്കി. കുറേയധികം സമയം കഴിഞ്ഞാണ് ആംബുലൻസ് എത്തിയത്. ഇതിനിടെ പാപ്പച്ചന്റെ നില വഷളായി. ആശുപത്രിയിൽ എത്തിക്കുംമുമ്പ് മരിച്ചു.
#pappachan #murder #killing #retd #bsnl #engineer #woman #bank #manager #arrested