കൊൽക്കത്ത: (truevisionnews.com) ബംഗ്ലാദേശിലെ അരാജകത്വത്തിലും ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി സുരക്ഷിതമെന്ന് പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ്.
കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആനന്ദബോസ് അറിയിച്ചു.
ഇന്ത്യ- ബംഗ്ലാദേശ് അതിർത്തികൾ സുരക്ഷിതമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണാധീനമാണ്. പരിഭ്രാന്തിയുടെ ആവശ്യമില്ല.
കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും ആനന്ദബോസ് പറഞ്ഞു. അതിർത്തികൾ സംരക്ഷിക്കാൻ ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കുന്ന ഇന്ത്യന്‍ സർക്കാരിന് പിന്നിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും നിജസ്ഥിതി അറിയിക്കുന്നതിനും രാജ്ഭവനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഉന്നതാധികാര നിരീക്ഷണ സമിതിക്ക് (ഹൈ പവർ വാച്ച്‌ഡോഗ് കമ്മിറ്റി) രൂപം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യയിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ അറിയിച്ചു.
ഔദ്യോഗിക സന്ദർശനത്തിന് ദില്ലിയിലായിരുന്ന ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിയാലോചനകൾക്കുശേഷം വൈകിട്ടോടെ കൊൽക്കത്തയിലെത്തി.
സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം ആവശ്യമെങ്കിൽ അദ്ദേഹം അതിർത്തി പ്രദേശങ്ങൾ സന്ദര്‍ശിക്കും. വിവിധ സുരക്ഷസേനാ തലവന്മാർ ഗവർണറുമായി നിരന്തര സമ്പർക്കത്തിലാണ്.
#bordersecure #strict #action #against #those #spreading #rumours #says #WestBengal #Governor