കൽപറ്റ: (truevisionnews.com) വയനാട് ദുരന്തത്തിൽ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിലുള്ള പല വിദ്യാർത്ഥികൾക്കും ജീവൻ നഷ്ടമായിരുന്നു.
ഇപ്പോഴും പല വിദ്യാർത്ഥികളുടെയും മൃതദേഹങ്ങളും ലഭിക്കാനുണ്ട്. പല മൃതദേഹങ്ങളും തിരിച്ചറിയുന്നത് പലവിധത്തിലായിരുന്നു. അത്തരത്തിൽ ഒരു ഒമ്പത് വയസ്സകാരനെ തിരിച്ചറിഞ്ഞത് അവൻ ധരിച്ചിരുന്ന യൂണിഫോമിൻ്റെ അടയാളത്തിലാണ്.
കുട്ടി ധരിച്ചിരുന്ന യൂണിഫോമിൽ സ്കൂളിൻ്റെ എംബ്ലം ഉണ്ടായിരുന്നു. മേപ്പാടി മൗണ്ട് ടാബോർ സ്കൂളിലെ വിദ്യാർത്ഥി ലക്ഷിത് എസ് എന്ന നാലാം ക്ലാസുകാരനായിരുന്നു അത്.
കുട്ടിയെ തിരിച്ചറിഞ്ഞത് സ്കൂൾ മാനേജർ സിസ്റ്റർ സലോമിയാണ്. ദുരന്തം നടന്ന് നാലാം ദിവസം സിസ്റ്റർ സലോമിയുടെ ഫോണിലേക്ക് ഒരു കോൾ എത്തി. നിങ്ങളുടെ സ്കൂളിന്റെ യൂണിഫോം ധരിച്ച ഒരു കുട്ടിയെ തിരിച്ചറിയാൻ സാധിക്കുമോ എന്നായിരുന്നു മറുവശത്ത് ഉണ്ടായിരുന്നു പൊലീസിൻ്റെ ചോദ്യം.
സിസ്റ്റർ തന്റെ വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞു. തങ്ങളുടെ സ്കൂളിലെ നാലാം ക്ലാസുകാരൻ ലക്ഷിത് എസ് ആണെന്ന് തിരിച്ചറിഞ്ഞു. അവൻ്റെ മുഖമെല്ലാം ജീർണ്ണിച്ചിരുന്നു പക്ഷേ അവൻ്റെ കൈയിലെ ചരടും മുഖവും കണ്ടപ്പോൾ അവനാണെന്ന് എനിക്ക് മനസ്സിലായി എന്ന് സിസ്റ്റർ പറഞ്ഞു.
ലാവണ്യ എന്നൊരു സഹോദരി ഉണ്ടെന്നും മനസ്സിലായി. സഹോദരി നവോദയ സ്കൂളിലായതിനാൽ വീട്ടിലില്ലായിരുന്നു. ദുരന്തത്തിൽ സഹോദരിയെ തനിച്ചാക്കിയാണ് സഹോദരൻ ലക്ഷ്യത്തും അച്ഛൻ സിദ്ധരാജും അമ്മ ദിവ്യയും ഈ ലോകത്തെ വിട്ടു പോയത്.
ലക്ഷ്യത്തും ഈ സ്കൂളിലെ മറ്റൊരു കുട്ടിയുമാണ് ഈ അപകടത്തിൽ മരിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
മഹാ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു വർഷത്തേക്ക് ഈ സ്കൂളിൽ യാതൊരുവിധ ആഘോഷ പരിപാടികളും നടത്താൻ പാടില്ലെന്നാണ് മാനേജ്മെന്റിൻ്റെ തീരുമാനം. നിരവധി പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ അപകടത്തിൽ മരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
#'We #recognized #him #his #school #uniform #School #manager #Sister #Salome