മുണ്ടക്കൈ: (truevisionnews.com) 'വീട് പോയാൽ എന്നെ നോക്കരുത് എന്ന് ഉമ്മയോട് പറഞ്ഞു. എവിടെയെങ്കിലും പിടികിട്ടിയാൽ പിടിച്ചു നിൽക്കണം. എനിക്ക് ഉമ്മ രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു....' ഉരുൾപൊട്ടി എല്ലാമൊഴുകിപ്പോയ രാത്രിയിൽ പകച്ചുപോയ വയനാട്ടുകാരുടെ ജീവിതമാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കേൾക്കുന്നത്.
അത്തരത്തിൽ, ഭീതിജനകമായ ഒരു അതിജീവനത്തെക്കുറിച്ചാണ് ഷഹനയ്ക്കും പറയാനുള്ളത്. സ്വന്തം ജീവൻപോലും രക്ഷിക്കാനാകാതെ നിസ്സഹായരായവർക്കിടയിൽ അമ്മയുൾപ്പെടെ മൂന്ന് പേരുടെ ജീവൻ മുറുകെപ്പിടിച്ചാണ് ഈ പെൺകുട്ടി ജീവിതത്തിലേക്ക് തിരികെക്കയറിയത്.
'മഴയുടെ ശബ്ദംകേട്ട് ആദ്യം ഉണർന്നത് ഉമ്മയാണ്. താഴത്തെ നിലയിൽ ചെളികയറുന്നത് കണ്ട ഉമ്മ എന്നേയും വിളിച്ചുണർത്തി. വാതിൽ തുറന്നതും കാണുന്നത് വീടിന്റെ സീലിങ് തകർന്ന് വീഴുന്നതാണ്.
രക്ഷതേടി അലറിവിളിച്ചെങ്കിലും ആരുമെത്തിയില്ല. വീടിന്റെ പുറകുവശം മുഴുവൻ വെള്ളവും മുന്നിൽ ചെളിയുമായിരുന്നു. അതിനിടയിലാണ്, ഒരു കുട്ടി താത്ത ഒന്നു രക്ഷിക്കുമോ എന്ന് ചോദിച്ച് ഒലിച്ചെത്തിയത്.
അവന്റെയടുത്ത് ഒരു കവുങ്ങുണ്ടായിരുന്നു. മോനേ, അതിൽ പിടിച്ച് നിൽക്കെന്ന് ഞാൻ പറഞ്ഞു. മറ്റൊരു കവുങ്ങിൽ ഒരു താത്തയും രക്ഷിക്കണേ എന്ന് വിളിച്ചുകരയുന്നുണ്ട്.
നമുക്ക് നോക്കി നിൽക്കാനേ പറ്റിയുള്ളൂ. മരിച്ചുപോകുമെന്ന് കരുതി, ഇനി ജീവിതത്തിലേക്കൊരു മടങ്ങിവരവും പ്രതീക്ഷിച്ചിരുന്നതല്ല. അപ്പോഴാണ് കുറച്ചുപേർ രക്ഷപ്പെടുന്നത് കണ്ടത്.
ഉമ്മയുടെ കൈ പിടിച്ച് പുറത്തേക്ക് ഇറങ്ങി. കഴുത്തറ്റം വരെ ചെളിയുണ്ടായിരുന്നു. വീടിന്റെ ഒരു വശം പൊളിഞ്ഞ സ്ഥലത്തുകൂടെയാണ് പുറത്തേക്കെത്തിയത്.
പുറത്തിറങ്ങിയപ്പോൾ ആ മോനെ ഞാൻ പിടിച്ചു. ബന്ധുവായൊരു കുട്ടിയും അപ്പോൾ ഒലിച്ചെത്തി. അവനെ ഉമ്മ പിടിച്ചു. എവിടെയും പിടിക്കാതെ മുന്നോട്ടു നടക്കാൻ സാധിക്കുമായിരുന്നില്ല.
അവൻ എന്റെ പാന്റിലും കാലിലും പിടിച്ചുനിന്നു. ഞാൻ സമീപത്ത് പൊട്ടിവീണ ഇലക്ട്രിക് ലൈനിലും. കുറച്ച് മുന്നോട്ട് നടന്നപ്പോൾ ആളുകളെ കണ്ടു.
അവിടെയെത്തിയതോടെ പല വഴിക്കായി. ഞങ്ങൾ നടന്നുപോകുന്നതിനിടയിൽ ഇവന്റെ ഉമ്മ 40 ദിവസം പ്രായമുള്ള കുട്ടിയായി ടെറസിൽ നിൽക്കുന്നുണ്ടായിരുന്നു.
കുഞ്ഞ് മിണ്ടുന്നില്ലെന്ന് അവർ പറഞ്ഞു. ഞങ്ങൾക്ക് ഒന്നും ചെയ്യാനായില്ല. ഞങ്ങളുടെ വീടൊക്കെ മുഴുവനായി പോയി. ഉമ്മയോട് ഞാൻ പറഞ്ഞത് എന്നെ നോക്കരുത് എന്നാണ്.
വീട് പോകുവാണേൽ എവിടേലും പിടിച്ച് നിൽക്കണം. എന്നാൽ, ഉമ്മ നേരെ തിരിച്ചായിരുന്നു പറഞ്ഞത്. എനിക്ക് ഉമ്മ രക്ഷപ്പെടണമെന്നേ ഉണ്ടായിരുന്നുള്ളൂ, കണ്ണീരോടെ ഷഹന പറഞ്ഞു.
നടന്ന് ആളുകൾക്കടുത്തെത്തിയപ്പോൾ അവരാണ് തങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതെന്നും താൻ രക്ഷിച്ച രണ്ട് കുട്ടികളും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഷഹന പറഞ്ഞു. ഷഹനയും അമ്മയും ഇപ്പോൾ കൽപ്പറ്റ ക്യാമ്പിലാണുള്ളത്.
#wayanad #landslide #mundakkai #chooralmala #disaster #girl #shares #her #experience