മേപ്പാടി: ( www.truevisionnews.com )തങ്ങളെകൊണ്ട് പറ്റുന്ന സഹായം ചെയ്യാം എന്നുകരുതിയാണ് പോയതെന്ന് സൂചിപ്പാറയിൽനിന്ന് സൈന്യം രക്ഷപ്പെടുത്തിയ റഹീസ്. മൃതദേഹങ്ങളുണ്ടെന്ന് മനസിലായാൽ കൂടുതൽ ആളെ അവിടെയെത്തിക്കാമെന്ന ധാരണയിലാണ് മുകളിലേക്ക് പോയത്.
ഒമ്പത് കിലോമീറ്ററുകളോളം മുകളിലേക്ക് പോയി. എന്നാൽ, വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ മുന്നോട്ട് പോകാനോ തിരികെ പോകാനോ സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും റഹീസ് പറഞ്ഞു.
മറ്റൊരു സുഹൃത്തിന് പരിക്കും പറ്റിയിരുന്നു. ഇരുട്ടിയതോടെ കാട്ടിൽ സുരക്ഷിതമായൊരിടത്ത് തുടരാൻ നിർബന്ധിതരായി. താഴേക്ക് പോകുന്നതിലും എളുപ്പത്തിൽ മുകളിലേക്കെത്താമെന്ന ധാരണയിലാണ് മുകളിലേക്ക് നടന്നത്.
മുകളിലെത്തി ആരെയെങ്കിലും വിവരമറിയിക്കുകയായിരുന്നു ലക്ഷ്യം. രക്ഷാപ്രവർത്തകർ വടമിട്ടുതന്നതോടെ അത് കെട്ടിയാണ് രക്ഷപ്പെട്ടത്. പിന്നാലെ ഹെലികോപ്റ്ററിൽ കേരളാ പോലീസിന്റെ ഹൈ ആൾടിട്യൂഡ് വിഭാഗമെത്തി ബാക്കി രണ്ടുപേരെയും എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.
പ്രദേശത്ത് മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ റഹീസ് കാൽഭാഗം കണ്ടെതായും പ്രദേശത്ത് തിരച്ചിൽ നടത്തുക ശ്രമകരമാണെന്നും പറഞ്ഞു. മേപ്പാടി വിംസ് ആശുപത്രിയിലാണ് മൂന്നുപേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.
മലപ്പുറം സ്വദേശികളായ റരഹീസ്, സ്വാലിം, മുഹ്സിൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിടയിൽ സൂചിപ്പാറയിൽ കുടുങ്ങിയത്. ഇവർ പാറയിൽ നിൽക്കുന്നത് രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളിലേക്ക് കടന്നത്.
റഹീസിനെ വടം ഉപയോഗിച്ചും പരിക്കേറ്റ മറ്റു രണ്ടുപേരെ എയർലിഫ്റ്റ് ചെയ്തും രക്ഷപ്പെടുത്തി ചൂരൽപ്പാറയിലെത്തിക്കുകയും തുടർന്ന് വിംസ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
#rahees #rescued #from #suchipara #explains