പത്തനംതിട്ട: (truevisionnews.com) അമ്മ വാങ്ങിക്കൊടുത്ത സ്വർണക്കമ്മൽ വിറ്റുകിട്ടിയ പണം വയനാടിന്റെ കണ്ണീരൊപ്പാൻ നൽകുമ്പോൾ ശ്രേയയ്ക്കുള്ളിൽ തിളങ്ങി, പൊന്നുപോലുള്ള മനസ്സ്.
സമാനതകളില്ലാത്ത ദുരന്തം കവർന്ന കുരുന്നുകളെയോർത്ത് നീറിയ ഉള്ളിലുയർന്ന സ്‍നേഹാശയം ഒരുപാടുപേരുടെ മനസ്സ് നിറയ്ക്കും. പത്തനംതിട്ട വലംഞ്ചുഴി ശ്രീരാഗം വീട്ടിൽ അന്തരിച്ച ആർമി ഉദ്യോഗസ്ഥൻ ശ്രീരാജിന്റെയും രമ്യയുടെയും മകളാണ് പത്തുവയസ്സുകാരി ശ്രേയ.
ഉരുൾപൊട്ടൽ വാർത്തയും നാട്ടുകാരുടെ സങ്കടവുംകണ്ട് സഹിക്കാനാകാതെയാണ് തന്റെ കമ്മൽ വിറ്റ് പണം നൽകാൻ ശ്രേയ തീരുമാനിച്ചത്.
ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണന് വെള്ളിയാഴ്ച ഉച്ചയ്ക്ക് പണം കൈമാറി. രണ്ട് ഗ്രാമിന്റെ കമ്മൽ വിറ്റുകിട്ടിയ 12,000 രൂപയാണ് സംഭാവനയായി നൽകിയത്.
നഷ്ടപ്പെടലിന്റെ വേദന സ്വയമനുഭവിച്ചിട്ടുണ്ട് ശ്രേയ. സൈനികനായിരുന്ന അച്ഛൻ ശ്രീരാജ് അഞ്ചുവർഷം മുൻപ് നാട്ടിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
ബന്ധുക്കളിൽനിന്ന് പലപ്പോഴായി ലഭിച്ച പണം കോവിഡുകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശ്രേയ നൽകിയിരുന്നു. സ്വർണക്കമ്മൽ നൽകണമെന്ന കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്ക് പൂർണസമ്മതം.
തുടർന്ന്, വാർഡ് കൗൺസിലറായ എ. സുരേഷ് കുമാറിനെ വിളിച്ച് കാര്യം അറിയിക്കുകയും തുക കൈമാറാനുള്ള ക്രമീകരണം ഒരുക്കുകയുമായിരുന്നു.
വയനാട്ടിലെ ആളുകളുടെ ദുരിതവും തന്റെ പ്രായമുള്ള കുട്ടികളുടെ സങ്കടക്കാഴ്ചകളുമാണ് ഉള്ളുലച്ചതെന്ന് ശ്രേയ പറഞ്ഞു. പത്തനംതിട്ട അമൃതവിദ്യാലയം സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.
പഠിച്ച് കളക്ടറായി എല്ലാവരെയും സഹായിക്കണമെന്നാണ് ആഗ്രഹമെന്ന് ശ്രേയ, ജില്ലാ കളക്ടറോട് പറഞ്ഞു. കുട്ടിയെ കളക്ടർ പ്രശംസിച്ചു.
സ്വാർഥതയുടെ ഈ കാലത്ത് ഇങ്ങനെയുള്ള കുട്ടികൾ സമൂഹത്തിന് മാതൃകയും മുതൽക്കൂട്ടുമാണെന്ന് വാർഡ് കൗൺസിലർ എ. സുരേഷ് കുമാർ പറഞ്ഞു.
#10year #old #girl #donates #money #from #earring #sale #relief #fund