കൽപ്പറ്റ : (truevisionnews.com) ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായി നാളെ തിരച്ചിൽ ഊർജിതമാക്കും.
ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ പരിശോധന നടത്തുമെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ അറിയിച്ചു.
പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തെരച്ചിൽ നടത്തുക.
കോസ്റ്റ് ഗാർഡ്,ഫോറസ്ററ്,നേവി ടീമും തെരച്ചിൽ നടത്തും. മുണ്ടക്കൈയിലെ അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, സ്കൂൾ ഏരിയ, വില്ലേജ് റോഡ്, താഴ്ഭാഗം എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തും.
25 ആംബുലൻസ് ബെയ്ലി പാലത്തിലൂടെ അകത്തു സജ്ജമാക്കും.ഡ്രോൺ റഡാർ സംവിധാനം മറ്റന്നാൾ ഉപയോഗിച്ചു തുടങ്ങും. നിലവിലെ കണക്കുകൾ അനുസരിച്ച് 206 പേരെയാണ് കാണാതായത്.
ഇത് പൂർണമല്ലെന്നാണ് വിലയിരുത്തൽ. ആധികാരികത സംശയമുണ്ട്. നാല് ഡോഗ് സ്‌ക്വാഡ് കൂടി തെരച്ചിലിനായി തമിഴ്‌നാട്ടിൽ നിന്ന് നാളെ എത്തും.
ഇതോടെ ആകെ പത്തു ഡോഗ് സ്‌ക്വാഡുകളാകും. മറ്റ് സംസ്ഥാനങ്ങളോടും സഹായം ആവശ്യപ്പെടുമെന്നും മന്ത്രിമാർ അറിയിച്ചു.
#Inspection #area #Chaliyar #tomorrow #ambulances #deployed #through #Baileybridge