മേപ്പാടി: (truevisionnews.com) ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തിവന്ന തിരച്ചിൽ താൽകാലികമായി നിർത്തി.
കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലാണ് സൈന്യം അടക്കമുള്ളവർ മൂന്നാം ദിനത്തെ തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ചത്. നാളെ രാവിലെ ഏഴിന് തിരച്ചിൽ പുനരാരംഭിക്കും.
അതേസമയം, ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 289 ആയി ഉയർന്നു. മുണ്ടക്കൈയിലും ചൂരൽമലയിലുമായി 240 പേരെയാണ് കണ്ടെത്താനുള്ളത്. കാണാതായവരിൽ 29 കുട്ടികളും ഉൾപ്പെടും.
മലവെള്ളപ്പാച്ചിൽ തകർത്ത മുണ്ടക്കൈയിൽ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചു.
ദുരന്തപ്രദേശത്ത് നിന്ന് 234 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൽപറ്റ ഗവ. ആശുപത്രി-11, വിംസ് മെഡിക്കൽ കോളജ് -74, വൈത്തിരി താലൂക്ക് ആശുപത്രി -2, കൊണ്ടോട്ടി താലൂക്ക് ആശുപത്രി -3, മഞ്ചേരി ഗവ. ആശുപത്രി- 2 ഉൾപ്പെടെ 92 പേർ ചികിത്സയിലുണ്ട്.
ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ചാലിയാറിൽ ഇന്നും കണ്ടെത്തി. വയനാട്ടിൽ നിന്ന് ഒമ്പതും നിലമ്പൂരിൽ നിന്ന് 83 ശരീരഭാഗങ്ങളുമാണ് തിരച്ചിലിൽ കണ്ടെത്തിയത്.
വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങൾ ഉരുൾ വെള്ളത്തിൽ തകർന്നിട്ടുണ്ട്. വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 9328 പേരെ മാറ്റി താമസിപ്പിച്ചു. ദുരന്തത്തെ തുടർന്ന് ഒമ്പത് ക്യാമ്പുകൾ കൂടി ആരംഭിച്ചിട്ടുണ്ട്. മേപ്പാടിയിൽ 578 കുടുംബങ്ങളിലെ 2328 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
അതിനിടെ, മലവെള്ളപ്പാച്ചിലിൽ ഒഴുകിപോയ ചൂരൻമലയിലെ പാലത്തിന് പകരമായി 85 അടി നീളമുള്ള ബെയ്‍ലി പാലം സൈന്യം നിർമിച്ചു. ഇന്നലെ ഉച്ചക്ക് 11 മണിയോടെ ആരംഭിച്ച നിർമാണം രാപ്പകൽ നീണ്ട പരിശ്രമത്തിന്‍റെ ഫലമായാണ് സൈന്യത്തിന്‍റെ എൻജിനീയറിങ് വിഭാഗത്തിന് റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത്.
നിർമാണം പൂർത്തിയാക്കിയ പാലത്തിലൂടെ സൈനിക വാഹനങ്ങളും മണ്ണുമാന്തിയന്ത്രവും അടക്കമുള്ള ഭാരമേറിയ വാഹനങ്ങൾ കയറ്റിയിറക്കി സുരക്ഷാ, ബല പരിശോധനകളും പൂർത്തിയാക്കി.
ഈ പാലത്തിലൂടെ 24 ടൺ ഭാരമുള്ള വാഹനങ്ങൾ വരെ കടന്നു പോകാൻ സാധിക്കും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റൻ പുരൻസിങ് നഥാവത് ആണ് പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഡൽഹിയിൽ നിന്ന് വ്യോമസേന വിമാനത്തിൽ കണ്ണൂരിലെത്തിച്ച പാലത്തിന്‍റെ നിർമാണഭാഗങ്ങളും ഉപകരണങ്ങളും തുടർന്ന് 17 ട്രക്കുകളിലായി ചൂരൽമലയിൽ കൊണ്ടുവന്നു.
#Landslide #death #tollrises #Today #search #calledoff