മേപ്പാടി: (truevisionnews.com) ‘‘സ്കൂൾ പൊട്ടിപ്പോയി...’’ ക്യാമ്പിൽ പെങ്ങന്മാർക്ക് നടുവിലിരുന്ന് കൺമുന്നിൽക്കണ്ട ദുരന്തത്തെ വിവരിക്കുകയാണ് മൂന്നുവയസ്സുകാരൻ ശ്രീഹരി.
ഇടയ്ക്ക് ക്യാമ്പിലെ കുട്ടികൾക്കായി വിതരണംചെയ്ത മിഠായി വാങ്ങാൻ ഓടി. താനും ചേച്ചിമാരും പഠിക്കുന്ന വെള്ളാർമല സ്കൂൾ തകർന്നതാണ് ശ്രീഹരിക്ക് ദുരന്തം.
എല്ലാം പോയെങ്കിലും തങ്ങളുടെ കുഞ്ഞോമനയുടെ ജീവനെങ്കിലും രക്ഷിക്കാനായല്ലോയെന്ന ആശ്വാസമാണ് പെങ്ങന്മാർക്ക്. ചൂരൽമല എച്ച്.എസ്. റോഡിനോടുചേർന്ന പടവെട്ടിക്കുന്നിന്റെ മുകളിലാണ് ശ്രീഹരിയുടെ വീട്.
അമ്മ സെൽവിയും ചേച്ചിമാരായ ശുഭശ്രീയും ഇവശ്രീയുമാണ് ഒപ്പം. അച്ഛൻ ശ്രീധരൻ മലേഷ്യയിലായതിനാൽ മഴകനത്തതോടെ സ്കൂളിനുസമീപത്തെ ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു എല്ലാവരും.
ആദ്യത്തെ ഉരുൾപൊട്ടലിൽത്തന്നെ അമ്മയ്ക്കും പെങ്ങന്മാർക്കുമൊപ്പം ശ്രീഹരിയും ഒഴുകിപ്പോയി. മലവെള്ളപ്പാച്ചിലിന്റെ ശക്തിയിലും ശ്രീഹരിയുടെ കൈവിടാൻ രണ്ടുചേച്ചിമാരും കൂട്ടാക്കിയില്ല.
വെള്ളത്തിനൊപ്പം ഒഴുകിപ്പോയെങ്കിലും ഒന്നു പിടികിട്ടിയപ്പോൾ ശുഭശ്രീ സഹോദരിയെ പിടിച്ചെഴുന്നേൽപ്പിച്ചു. രണ്ടു പേരുംകൂടി ശ്രീഹരിയെയും ചേർത്തുപിടിച്ചുയർത്തി.
അമ്മ സെൽവിക്കും രക്ഷപ്പെടാനായി. കെട്ടുതാലി പണയംവെച്ചും വായ്പവാങ്ങിയും തിങ്കളാഴ്ച രാവിലെ സമാഹരിച്ച ഒന്നരലക്ഷം രൂപയുമുണ്ടായിരുന്നു ഇവരുടെ കൈയിൽ.
അതുൾപ്പെടെ എല്ലാം നഷ്ടമായി. എന്തു നഷ്ടപ്പെട്ടാലും കുട്ടികൾ ഒപ്പമുണ്ടല്ലോയെന്ന ആശ്വാസത്തിലാണ് സെൽവി. ‘‘ആയുസ്സിന്റെ ബലമൊന്നുമാത്രം. എന്റെ കുഞ്ഞുങ്ങളെ കിട്ടി. പക്ഷേ, എല്ലാം പോയി’’ - സെൽവി വിതുമ്പി.
#wayanad #landslide #three #year #old #srihari #escapes #tragedy