വയനാട് : (truevisionnews.com) മുണ്ടക്കൈയിലും ചൂരൽ മലയിലുമുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്ത വാർത്തകൾക്കിടയിൽ മലയാളിയുടെ ചേർത്തുപിടിക്കലിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ ‘മാധ്യമം ഓൺലൈൻ’ റിപ്പോർട്ട് ചെയ്ത ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ...
എന്റെ ഭാര്യ റെഡിയാണ്’ എന്ന വാർത്ത. ഒരു പൊതുപ്രവർത്തകൻ വാട്സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ച ഇക്കാര്യം മാധ്യമം വാർത്തയാക്കുകയും പിന്നീട് സമൂഹ മാധ്യമങ്ങളും മറ്റു ഓൺലൈൻ മാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ചേർത്തുപിടിക്കലിന്റെ വിവിധ മാതൃകകൾ നമുക്ക് മുമ്പിൽ വരുമ്പോൾ നമ്മളെങ്ങനെ തോറ്റുപോകാനാണെന്നും ഇവരെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോൽപിക്കാനാവില്ലെന്നുമെല്ലാം മാധ്യമം സോഷ്യൽ മീഡിയ കാർഡ് പങ്കുവെച്ച് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ആയിരക്കണക്കിനാളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ പോസ്റ്റർ പങ്കുവെച്ചത്. ആഗോള മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിലും നിരവധി പേർ ഇത് പങ്കുവെച്ചു.
ഇതോടെ നിരവധി പേർ മുലപ്പാൽ നൽകാൻ തങ്ങളും സന്നദ്ധമാണെന്നറിയിച്ച് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. മാധ്യമം പോസ്റ്ററിലെ വാചകങ്ങൾ ജർമൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ അത്‍ലറ്റിക് കോച്ചും പ്രശസ്ത കളിയെഴുത്തുകാരനും ജർമനിയിൽ കായിക പരിശീലകനുമായ ഡോ. മുഹമ്മദ് അഷ്റഫ്.
ഇത് ജർമൻ ഭാഷയിലാക്കിയപ്പോൾ അവർക്ക് അത്ഭുതവും അവിശ്വസനീയവുമായ വാർത്തയായിരുന്നെന്നും ഈ ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടോയെന്ന് ചോദിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അങ്ങനെ മലയാളി ആരാണെന്ന് അവരും അറിഞ്ഞെന്നും അദ്ദേഹം കുറിച്ചു. ‘ഇതു ഞാൻ ജർമൻ ഭാഷയിലാക്കി എന്റെ കൂട്ടുകാരെ കാണിച്ചപ്പോൾ അതവർക്ക് അത്ഭുതവും അവിശ്വസനീയവും ആയ വാർത്തയായി.
ഇങ്ങനെയും മനുഷ്യരുണ്ടോ ഈ ലോകത്ത്..! -എന്റെ അയൽക്കാരൻ കോൺറാഡിന്റെ ഭാര്യ മറിയയുടെ ചോദ്യം. അങ്ങനെ അവരും അറിഞ്ഞു മലയാളി ആരാണെന്ന്’ -എന്നിങ്ങനെയായിരുന്നു ജർമൻ ഭാഷയിലും മലയാളത്തിലുമുള്ള മാധ്യമം പോസ്റ്റർ പങ്കുവെച്ച് ഡോ. മുഹമ്മദ് അഷ്റഫിന്റെ പോസ്റ്റ്.
#They #also #knew #who #Malayali #German #language #media #shared #poster #MuhammadAshraf