മേപ്പാടി: (truevisionnews.com) ഡിസംബറിൽ മൂത്ത മകൾ ശ്രുതിയുടെ വിവാഹമാണ്. അതിന്റെ സന്തോഷത്തിലായിരുന്നു ആ കുടുംബം. മഴ പെയ്തൊഴിഞ്ഞാൽ ഒരുക്കങ്ങളിലേക്ക് കടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ശിവണ്ണയും ഭാര്യ സബിതയും.
എല്ലാ സ്വപ്നങ്ങളെയും തകർത്തെറിയാനുള്ള മഴയാണ് ആ രാത്രി പെയ്തിറങ്ങുന്നതെന്ന് അവരറിഞ്ഞില്ല. വെള്ളാർമല സ്കൂളിനു സമീപമായിരുന്നു അവരുടെ വീട്.
മലവെള്ളപ്പാച്ചിൽ എല്ലാം എടുത്തുകൊണ്ടുപോയി. ഒമ്പതംഗ കുടുംബത്തിലെ ഏഴ് പേരും കാണാമറയത്തായി. ഉറ്റവരെ കാത്ത് ശ്രുതി തനിച്ചായി.
അനുജത്തി ശ്രേയയുടെ മൃതദേഹം നോക്കി വിറങ്ങലിച്ചിരിക്കുമ്പോഴും അവളൊന്നേ ചോദിക്കുന്നുള്ളു, അച്ഛനും അമ്മയുമൊക്കെ എവിടെ?
ചൂരൽമലയിൽ ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ശിവണ്ണ, ഭാര്യ സബിത, അച്ഛൻ ബോമലപ്പൻ, അമ്മ സാവിത്രി എന്നിവരടക്കമുള്ളവരെയാണ് കാണാതായത്.
സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന ബോമലപ്പനും സാവിത്രിയും അതിശക്തമായ മഴയെത്തുടർന്നാണ് കെട്ടുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാമെന്ന് കരുതി മകൻ ശിവണ്ണന്റെ വീട്ടിലെത്തിയത്.
ശിവണ്ണയുടെ ഇളയമകളും കല്പറ്റ ഗവ. കോളേജ് വിദ്യാർഥിയുമായ ശ്രേയയുടെ (19) മൃതദേഹം ചൊവ്വാഴ്ച കണ്ടുകിട്ടി.
കോഴിക്കോട് മിംസ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ് ശ്രുതി. സഹോദരി ശ്രേയയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മേപ്പാടി പിഎച്ച്സിയുടെ വരാന്തയിൽ ഉറ്റവരെയും കാത്തിരിക്കുകയാണ് ഇപ്പോഴും ശ്രുതി.
#sruthis #family #missing #wayanad #landslide