മേപ്പാടി: (truevisionnews.com) കേരളത്തിന്‍റെ നെഞ്ചുതകർത്ത മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ച 21 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
ഇവരുടെ മൃതദേഹം മേപ്പാടിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ദുരന്തഭൂമിയിൽനിന്ന് കണ്ടെടുത്തത്.
നൂറിലധികം പേരെ കുറിച്ച് ഇനിയും വിവരമില്ല. ഉരുൾപൊട്ടലിനു പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന മണ്ണിനും വലിയ പാറകൾക്കും മരങ്ങൾക്കും അടിയിൽ കുടുങ്ങി കിടക്കുകയാണ് പലരും.
ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് മുണ്ടക്കൈയിലാണ്. ഒരു ഗ്രാമം തന്നെ നാമാവശേഷമായി. മേഖലയിൽ രക്ഷാപ്രവർത്തനം അതീവദുഷ്കരമാണ്.
മണ്ണു മാന്തി ഉൾപ്പെടെ തിരച്ചിലിന് സഹായിക്കുന്ന ഒന്നും സ്ഥലത്തേക്ക് കൊണ്ടുവരാനുള്ള സൗകര്യമില്ലാത്തതാണ് പ്രതിസന്ധിയാകുന്നത്. സൈന്യവും എൻ.ഡി.ആർ.എഫും പൊലീസും സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെങ്കിലും വലിയ കോൺക്രീറ്റ് പാളികളും മരത്തടികളും കല്ലുകളും ചളിയും കുമിഞ്ഞുകൂടി കിടക്കുന്നത് വെല്ലുവിളിയാകുകയാണ്.
കൂടുതൽ സൈന്യം മേഖലയിലേക്ക് എത്തുന്നുണ്ട്. ഇതിനകം നൂറിലധികം പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാട്ടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചിരുന്നു.
തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കി.
മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങള്‍ ക്രമീകരിച്ചു. പല മൃതദേഹങ്ങളും വീടുകൾക്കുള്ളിൽ കുടുങ്ങികിടക്കുകയാണ്. ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച് 200ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
#21 #dead #yet #identified #Rescue #work #difficult #Mundakai