മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ നൂറ് കടന്നതായി റിപ്പോർട്ട്. 104 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നില്‍ക്കുന്നുണ്ട്.
ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്. ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മുണ്ടക്കൈ മേഖലയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.
അതിനിടെ, മുണ്ടക്കൈയില്‍ കുടുങ്ങിയ നൂറോളം പേരെ സൈന്യം കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് താത്കാലിക പാലം നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. താത്കാലിക പാലം നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ ഡല്‍ഹിയില്‍നിന്നും ചെന്നൈയില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമുള്ള സൈനികരാണ് ദുരന്തമേഖലയിലുള്ളത്. മുണ്ടക്കൈയിലടക്കം കുടുങ്ങികിടക്കുന്നവരെ റോപ്പ് വഴിയാണ് നിലവില്‍ പുറത്തെത്തിക്കുന്നത്.
അതേസമയം, വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുമെന്നു ആശങ്കയും നിലനില്‍ക്കുന്നു. വൈകീട്ട് നാലരയോടെ ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞിരിക്കുകയാണ്. സമയം വൈകുതോറം വെളിച്ചം കുറയും. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ തേടുന്നുണ്ട്.
#wayanad #landslide #chooralmala #mundakkai #landslide