കണ്ണൂർ: ( www.truevisionnews.com ) ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ (16307) യാത്രക്കാരന് കുത്തേറ്റ സംഭവത്തിൽ പെറ്റിക്കേസെടുത്ത് വിട്ടയച്ച ആൾ ഒട്ടേറെ കേസുകളിൽ പ്രതി.
പാനൂർ മാക്കൂൽപീടിക ജുമാമസ്ജിദിൽ മോഷണം നടത്തിയതിന് ഇയാൾക്കെതിരെ പാനൂർ പോലീസ് കേസ് രജിസ്റ്റർചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യം ഉൾപ്പെടുത്തിയ ലുക്കൗട്ട് പോസ്റ്റർ പോലീസ് ഇറക്കി.
എലത്തൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലും ഇയാൾ പ്രതിയായിരുന്നുവെന്ന് പാനൂർ പോലീസ് അറിയിച്ചു.
19-ന് രാത്രി 11.25-ന് പയ്യോളിക്കും വടകരയ്ക്കും ഇടയിലായിരുന്നു എക്സിക്യൂട്ടീവ് എക്സ്പ്രസിലെ യാത്രക്കാരനെ ഇയാൾ സ്ക്രൂഡ്രൈവർ കൊണ്ട് നെറ്റിയിൽ കുത്തിയത്.
അത് കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം 22-നാണ് ഇയാൾ പാനൂരിൽ മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യംചെയ്ത ആളെയാണ് ഇയാൾ ആക്രമിച്ചത്.
കുത്തിയ ആളെ 19-ന് അർധരാത്രി ആർ.പി.എഫ്. വടകരയിൽ ഇറക്കി. എന്നാൽ പിന്നീട് വിട്ടയച്ചു. ആർക്കും പരാതിയില്ലാത്തതിനാലാണ് വിട്ടയച്ചതെന്നാണ് വടകര ആർ.പി.എഫ്. പറഞ്ഞത്.
തീവണ്ടിയിൽ ശല്യമുണ്ടാക്കിയതിന് പെറ്റിക്കേസ് രജിസ്റ്റർ ചെയ്ത് വിടുകയായിരുന്നുവെന്ന് അറിയിച്ചെങ്കിലും പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിരുന്നില്ല. ഇയാൾ വിലാസം മാറ്റി പറഞ്ഞതായും തിരിച്ചറിയൽ കാർഡില്ലായിരുന്നുവെന്നും ആർ.പി.എഫ്. അന്ന് പറഞ്ഞിരുന്നു.
ഇയാളുടെ പേരിൽ മുൻപ് എന്തെങ്കിലും കേസ് ഉണ്ടായിരുന്നോയെന്ന് ഉറപ്പുവരുത്താതെ വിട്ടയച്ചത് വിവാദമായിരുന്നു. യാത്രക്കാരന്റെ നെറ്റിയിൽ കുത്തിയ സ്ക്രൂഡ്രൈവറും അരയിൽനിന്ന് കട്ടിങ് പ്ലയറും ആർ.പി.എഫ്. പിടിച്ചെടുത്തിരുന്നു.
#alappuzha #kannur #executive #express #attack