തൃപ്രയാര്‍ (തൃശ്ശൂര്‍): (truevisionnews.com) മണപ്പുറം ഗ്രൂപ്പിന്റെ സഹസ്ഥാപനമായ വലപ്പാട് മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍നിന്ന് 19.94 കോടി രൂപ തട്ടിച്ചെന്ന പരാതിയില്‍ അസി. ജനറല്‍ മാനേജര്‍ കൊല്ലം മുളങ്കാടകം പൊന്നമ്മ വിഹാറില്‍ ധന്യാ മോഹനെ (40) കൊടുങ്ങല്ലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് വലപ്പാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. സാവധാനം തിരിച്ചുതന്നാല്‍ മതിയെന്ന് പറഞ്ഞ് പലര്‍ക്കും ധന്യ ലക്ഷക്കണക്കിന് രൂപ 'ഉദാരവായ്പ'യായി അയച്ചുകൊടുത്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
തട്ടിച്ചെടുത്ത പണം ഒളിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്ന് കരുതുന്നു. ഈ വിധം പണം സ്വീകരിച്ചവരെയും പോലീസ് ചോദ്യംചെയ്യും. ധന്യ കുറ്റം സമ്മതിച്ചതായി കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. വി.കെ. രാജു പറഞ്ഞു.
വായ്പാ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഓണ്‍ലൈന്‍ ട്രേഡിങ്ങിന് വിനിയോഗിച്ചിട്ടുണ്ടെന്നും ഇതില്‍ ലാഭവും നഷ്ടവുമുണ്ടായിട്ടുണ്ടെന്നും പ്രതി പറഞ്ഞതായും ഡിവൈ.എസ്.പി. പറഞ്ഞു.
സ്ഥാപനത്തിലെ ഡിജിറ്റല്‍ പേഴ്‌സണല്‍ വായ്പാ ആപ്പ് രൂപപ്പെടുത്തിയതില്‍ പ്രധാന പങ്കുവഹിച്ച ധന്യക്ക് ആപ്പ് വഴിയുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. മൈക്രോസോഫ്റ്റില്‍ ഈയിടെയുണ്ടായ തകരാറും ധന്യയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ കാരണമായെന്നറിയുന്നു.
അക്കൗണ്ടുകള്‍ ശരിയാകാത്തത് പരിഹരിക്കാന്‍ ധന്യയെയാണ് നിയോഗിച്ചത്. കംപ്യൂട്ടറുകളുടെ വേഗം കുറഞ്ഞത് പരിശോധിക്കുന്നതിനിടയില്‍ ധന്യ ഓഫീസില്‍നിന്ന് പോയത് സംശയത്തിനിടയാക്കി. തുടര്‍ന്നാണ് സ്ഥാപന അധികൃതര്‍ വിശദപരിശോധന നടത്തിയത്.
#manappuram #compact #consultant #linited #dhanyamohan #financial #fraud