ആലപ്പുഴ: (truevisionnews.com) കായംകുളത്ത് പൊലീസിനെ വട്ടം ചുറ്റിച്ച് മോഷ്ടാവ് ഒടുവിൽ ഓടയിൽ ഒളിച്ചു. ഫയർഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് സാഹസികമായി മോഷ്ടാവിനെ പൊലിസ് പുറത്തെത്തിച്ചത്.
തമിഴ്നാട് സ്വദേശി രാജശേഖരനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
റെയിൽവേ സ്റ്റേഷന് സമീപം വിവിധ വീടുകളിലും മോഷണശ്രമം നടത്തിയ മോഷ്ടാവ് പോലീസിനെ കണ്ടപ്പോൾ ഓടി സമീപത്തെ ഓടയിൽ ഒളിക്കുകയായിരുന്നു.
പുലർച്ചെ അഞ്ചുമണിക്ക് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ കണ്ടാണ് ഇയാൾ ഒളിച്ചത്. കിണഞ്ഞു ശ്രമിച്ചിട്ടും കള്ളനെ ഓടയിൽ നിന്ന് പുറത്തെത്തിക്കാനായില്ല.
പിന്നീട് കായംകുളം അഗ്നിരക്ഷ നിലയത്തിൽ നിന്നുള്ള സേനാംഗങ്ങളെ വിളിച്ചുവരുത്തി. എന്നാൽ ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റുന്നതിനിടയിൽ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറി.
തുടർന്ന് ഫയർഫോഴ്സ് ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ ഓടയ്ക്കുള്ളിൽ കയറി. അതിസാഹസികമായാണ് മോഷ്ടാവിനെ പുറത്തെടുത്തത്.
ഗ്രേഡ് അസിസ്റ്റൻറ് ഫയര്‍ സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാവിനെ ഓടക്ക് പുറത്ത് എത്തിച്ചത്. പിടികൂടിയ തമിഴ്നാട് സ്വദേശിയായ രാജശേഖരനെ പോലിസ് കസ്റ്റഡിയിൽ എടുത്തു.
മോഷണശ്രമം ഉൾപ്പടെ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് കായംകുളം പൊലിസ് അറിയിച്ചു. രാജശേഖരന്റെ പേരിൽ വേറെ കേസുകളുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
#thief #hide #inside #drainage #police #took #him #custody #fire #force #help