ആലപ്പുഴ: (www.truevisionnews.com)ആലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ചതല്ലെന്ന് പൊലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് നിഗമനത്തിൽ എത്തിയത്.
പരിശോധനയിൽ ആരും കല്ലെറിയുന്നതായി കണ്ടെത്തിയില്ല. മറ്റ് വാഹനങ്ങളിൽ നിന്ന് കല്ല് തെറിച്ചു വന്നതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.
കല്ല് പതിച്ച് ബസിൻ്റെ മുൻ വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബൈക്കിൽ ഹെൽമറ്റ് വച്ച് എത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞതെന്നായിരുന്നു ആരോപണം. പരിക്കേറ്റ ഡ്രൈവറെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എറണാകുളത്ത് നിന്ന് കരുനാഗപ്പള്ളിക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. എതിർ ദിശയിൽ വന്ന ബൈക്കിൽ നിന്നാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ജീവനക്കാരുടെ മൊഴി.
ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്ന നിലയിലാണ്. 60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തിയിരുന്നു.
ബൈക്ക് യാത്രികരെ കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. എന്നാൽ ഇവര്‍ കല്ല് എറിയുന്നതായി ദൃശ്യങ്ങളിൽ ഇല്ല. ഇതോടെയാണ് കല്ല് ഏതോ വാഹനം കടന്നുപോയപ്പോൾ തെറിച്ചുവന്നതാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
#Are #those #bikers #innocent #Police #find #broken #window #KSRTC #bus #Alappuzha