ആലപ്പുഴ:(www.truevisionnews.com) താമരക്കുളം വയ്യാങ്കരയിൽ നെടുറോഡിൽ വെച്ച് തർക്കത്തിൽ ഏർപ്പെട്ട സ്വകാര്യ വാനും ആംബുലൻസും മാവേലിക്കര മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.
രോഗിയുമായി പോയ ആംബുലൻസിനെ അപകടകരമാംവിധം മറികടന്ന വാനും അതിനുശേഷം വാൻ തടഞ്ഞുനിർത്തി നടുറോഡിൽ സംഘർഷം ഉണ്ടാക്കിയ ആംബുലൻസുമാണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് താമരക്കുളം വയ്യാങ്കരയിൽ സ്വകാര്യ വാൻ ഡ്രൈവറും ആംബുലൻസ് ഡ്രൈവറും തമ്മിൽ വാക്ക് തർക്കമുണ്ടായത്.
ഇരു ഡ്രൈവർമാർക്കുമെതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും പൊതുനിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തു.
രോഗിയുമായി പോയ ആംബുലൻസിന് മാർഗ തടസ്സമുണ്ടാക്കിയതിനാണ് വാനിലെ ഡ്രൈവർക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്.വാനും ആംബുലൻസും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
ആംബുലൻസ് ഡ്രൈവറുടെ ഭാഗത്തും പിഴവുണ്ടെന്നും ദൃശ്യങ്ങൾ പൂർണമായി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
റോഡ് യാത്രക്കാർക്ക് ഭീതി സൃഷ്ടിക്കുന്ന രീതിയിലായിരുന്നു ഇരു കൂട്ടരുടെയും റോഡിലുള്ള അഭ്യാസം.അടിയന്തരഘട്ടത്തിൽ രോഗിക്ക് വൈദ്യസഹായം എത്തിക്കുക എന്ന പ്രാഥമിക കർത്തവ്യത്തിൽ നിന്ന് വ്യതിചലിചാണ് ആംബുലൻസ് ഡ്രൈവർ പെരുമാറിയതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
പിടിച്ചെടുത്ത ഇരുവാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെയാണ് നൂറനാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. എഎംവിഐമാരായ ഹരികുമാർ, സജു പി ചന്ദ്രൻ, പ്രസന്നകുമാർ എന്നിവർ ചേർന്നാണ് വാഹനം പിടിച്ചെടുത്തത്.
argument-between-drivers-in-the-middle-of-the-road-private-van-and-ambulance-seized