ഇടുക്കി: (www.truevisionnews.com)കട്ടപ്പനയിൽ എടിഎമ്മിൽ നിറക്കാൻ ഏൽപ്പിച്ച 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവടക്കം രണ്ട് പേർക്കെതിരെ കേസെടുത്തു.
എസ്ബിഐയുടെ കട്ടപ്പന, വാഗമൺ എന്നിവിടങ്ങളിലെ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ പണമാണ് ജീവനക്കാർ തട്ടിയെടുത്തത്.
എസ്ബിഐ യുടെ ഇടുക്കിയിലെ വിവിധ എടിഎമ്മുകളിൽ പണം നിറക്കുന്നത് മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ്. കമ്പനിയുടെ ജീവനക്കാരും കട്ടപ്പന സ്വദേശികളുമായ ജോജോമോനും, അമലും ചേർന്നാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്.
ഡിവൈഎഫ്ഐ കട്ടപ്പന മേഖല സെക്രട്ടറിയാണ് ജോജോമോൻ. ജൂൺ മാസം 12 മുതൽ 26 വരെയുള്ള തീയതിക്കിടയിലാണ് തിരിമറി നടന്നത്.
എസ്ബിഐയുടെ കട്ടപ്പന ശാഖയിൽ നിന്നും ഇടശ്ശേരി ജങ്ഷനിലുള്ള എടിഎമ്മിൽ നിറക്കാൻ കൈമാറിയ പണത്തിൽ നിന്നും പതിനഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
രണ്ടു ദിവസങ്ങളിലായാണ് പണം നഷ്ടമായത്. വാഗമൺ എടിഎമ്മിലേക്ക് കൊണ്ടു പോയതിൽ നിന്നും പത്തു ലക്ഷം രൂപയും മോഷ്ടിച്ചു. എടിഎമ്മിൽ എത്ര രൂപയാണ് നിറച്ചതെന്ന് ഇവർ രണ്ടു പേരും ചേർന്നാണ് രേഖപ്പെടുത്തേണ്ടത്.
മാസാവസാനം ബാങ്ക് നടത്തിയ ഓഡിറ്റിങ്ങിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞ ഏജൻസി പണം തിരികെ വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതോടെയാണ് കട്ടപ്പന പോലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിൽ പോയി. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച ശേഷം പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്യുമെന്ന് കട്ടപ്പന എസ്ഐ എബി ജോർജ്ജ് പറഞ്ഞു.
#case #registered #against #two #persons #including #dyfi #leader #incident #extortion #25-lakh #entrusted #atm #kattappana