ബദിയടുക്ക: ( www.truevisionnews.com ) പുളിത്തടി ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് മറിഞ്ഞ കാറില്‍നിന്ന് പുറത്തേക്ക് ചാടുന്നതിനിടെ ഷോക്കേറ്റ് യുവാവിന്റെ ജീവൻ പൊലിഞ്ഞതിന്റെ നടുക്കത്തിൽ നാട്ടുകാർ. മാവിനക്കട്ട പള്ളിക്ക് സമീപത്തെ കലന്തര്‍ ഷമ്മാസിന്റെ (21) മരണമാണ് നാടിന്റെ നൊമ്പരമായത്.

ബന്ധുവീട്ടൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ സഹോദരന്മാരിൽ ഒരാൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഷോക്കേറ്റ യുവാവിനെ മരണത്തിൽനിന്ന് രക്ഷപ്പെടുത്താൻകഴിയാത്ത വിഷമത്തിലാണ് നാട്ടുകാർ.
വെള്ളിയാഴ്ച രാത്രി അപകടം നടന്ന കാറിൽനിന്ന് ഇറങ്ങി ഷമ്മാസിനെ രക്ഷിക്കാൻചെന്ന സഹോദരൻ സര്‍വാസിന് ഷോക്കേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്.
വൈദ്യുതി സെക്ഷൻ ഓഫിസിൽനിന്ന് അനാസ്ഥയുണ്ടായതായി ആരോപണമുയർന്നു. അപകടവിവരമറിയിക്കാൻ ബദിയടുക്ക സെക്ഷൻ ഓഫിസിൽ ഫോൺ വിളിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല.
ഫോൺ പെട്ടെന്ന് എടുത്തിരുന്നെങ്കിൽ വൈദ്യുതി വിച്ഛേദിക്കാനും അതുവഴി യുവാവിനെ രക്ഷിക്കാനും കഴിയുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ബദിയടുക്ക സെക്ഷനിലേക്ക് വരുന്ന 33,000 കെ.വി മെയിൻ ലൈൻ തൂണിലേക്കാണ് കാറിടിച്ചത്.
ഇതോടെ നാല് ഫീഡറുകളുടെ ലൈൻ ഓഫായി. വെള്ളിയാഴ്ച രാത്രി 9.50നാണ് അപകടം നടന്നത്. അപകടവിവരം അറിയാനോ അറിയിക്കാനോ കഴിയാതെ എട്ടു മിനിറ്റ് കഴിഞ്ഞ് ടെസ്റ്റ് റീസപ്ലൈ വന്നു.
അതോടെ, ശബ്ദത്തോടെ ലൈൻ ഓഫായി. സെക്ഷൻ ഓഫിസിൽ ആദ്യം ഫോൺ എടുത്തിരുന്നെങ്കിൽ വീണ്ടും ടെസ്റ്റ് സപ്ലൈ തടയാമായിരുന്നുവെന്നാണ് ജനങ്ങൾ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമുയർന്നു.
അതേസമയം, നാല് ഫീഡറും ഓഫായതിനാൽ ഓഫിസിലേക്ക് ഫോൺവിളി വന്നുകൊണ്ടേയിരിക്കുമെന്നും ഫോൺ എടുക്കാതിരിക്കുകയോ മാറ്റിവെക്കുകയോ ചെയ്യില്ലെന്നും ഓഫിസ് സി.സി.ടി.വി കാമറയിൽ ഇത് വ്യക്തമാകുമെന്നും ബദിയടുക്ക സെക്ഷൻ അസി. എ.ഇ സുബ്ബണ്ണ നായ്ക്ക് പറഞ്ഞു.
മരിച്ച യുവാവിന്റെ മൃതദേഹം ഒരു നോക്കുകാണാൻ നാനാഭാഗത്തുനിന്നും നിരവധിയാളുകളാണ് ആശുപത്രിയിലും വീട്ടിലുമെത്തിയത്. ഉംറക്ക് പോയ മാതാപിതാക്കളും ഗൾഫിലുള്ള സഹോദരന്മാരും എത്തിയാണ് ശനിയാഴ്ച രാത്രിയോടെ മൃതദേഹം മാവിനകട്ട മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്.
#death #after #car #hit #electric #post #residents #badiyadukka #shocked #death #youngman
