മാവേലിക്കര (ആലപ്പുഴ): ( www.truevisionnews.com ) നാളുകളായി ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈർ (51) മാവേലിക്കര പോലീസിൻ്റെ പിടിയിലായി.
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ അഞ്ചോടെ മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിലൂടെ നടന്നു വന്ന സുബൈറിനെ കണ്ട് സംശയം തോന്നിയ ഗേറ്റ് കീപ്പറാണ് പോലീസിനെ അറിയിച്ചതെന്ന് സൂചനയുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ നൂറോളം മോഷണങ്ങളിൽ നിന്നായി ഏഴ് ലക്ഷത്തിലധികം രൂപ സുബൈർ അപഹരിച്ചതായാണ് പോലീസിൻ്റെ കണക്ക്. 2022 ജനുവരിയിൽ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണപരമ്പരതന്നെ നടത്തിയിരുന്ന ആളാണ് പക്കിസുബൈർ.
ഈ മോഷണങ്ങളുടെ പേരിൽ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ പഴയ സ്ഥലങ്ങളിൽത്തന്നെ മോഷണത്തിനിറങ്ങുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ കരുവാറ്റയിൽ അഞ്ചു കടകളിലും ഹരിപ്പാട്ട് രണ്ടു കടകളിലും ചില വീടുകളിലും മോഷണം നടത്തി. നിരവധി വീടുകളിൽ മോഷണശ്രമങ്ങളും നടന്നു.
സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പക്കി സുബൈറിനെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാളെ പിടികൂടാൻ പോലീസിനായിരുന്നില്ല. ദേശീയപാതയോരത്ത് ആർ.കെ.ജങ്ഷനിലെ കട കുത്തിത്തുറന്നു മോഷണം നടത്തിയത് ഈ അടുത്തിടെയാണ്.
#notorious #kollam #thief #pakkizubair #arrested