തിരൂർ: ( www.truevisionnews.com ) കെ.ജി. പടിയിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിനു സമീപം കഴിഞ്ഞദിവസം കോഴിക്കോട് സ്വദേശി മരിച്ചത് ചവിട്ടേറ്റ്. സംഭവത്തിൽ യുവാവ് അറസ്റ്റിലായി.
താനൂർ ചീരാൻ കടപ്പുറം സ്വദേശി അരയന്റെപുരക്കൽ ആബിദിനെ(35)യാണ് തിരൂർ പോലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കോയേന്റെതൊടുകയിൽ ഹംസക്കോയ(49) യെയാണ് ശനിയാഴ്ച രാവിലെ ഔട്ട്‌ലെറ്റിനുസമീപമുള്ള കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെ വാക്‌തർക്കത്തിനിടെ ഹംസക്കോയ അടിവയറ്റിൽ ചവിട്ടേറ്റതിനെത്തുടർന്ന് മരിച്ചെന്നാണ് പോലീസ് പറയുന്നത്. ഇയാളെ ആബിദ് ചവിട്ടുന്ന സി.സി.ടി.വി. ദൃശ്യം പോലീസ് തെളിവായി ശേഖരിച്ചിരുന്നു.
തുടർന്നാണ് താനൂരിൽനിന്നു പിടികൂടിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുടലിനേറ്റ പരിക്കുമൂലമുള്ള ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നു പറയുന്നുണ്ട്. വീടുവിട്ട ഹംസക്കോയ തിരൂരിലെ തെരുവോരത്ത് കഴിഞ്ഞുവരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
തിരൂർ പോലീസ് ഇൻസ്‌പെക്ടർ എം.കെ. രമേഷ്, എസ്.ഐ. ഷിജോ സി. തങ്കച്ചൻ, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. പ്രമോദ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ തിരൂർ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ പോലീസ് ഇൻസ്‌പെക്ടർ എം.കെ. രമേഷ് പറഞ്ഞു.
ഹംസക്കോയയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സഹോദരൻ ഏറ്റുവാങ്ങി കോഴിക്കോട്ടേക്കു കൊണ്ടുപോയി.
#kozhikode #native #death #tirur #post #mortem #report