മലപ്പുറം: (truevisionnews.com) മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പഠിക്കാൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനെ തള്ളി മുസ്ലീം ലീഗ്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ മലപ്പുറത്ത് മാത്രമായി സംസ്ഥാന സർക്കാർ രണ്ട് അംഗ കമ്മീഷനെ പുതുതായി നിയമിച്ചത് അനാവശ്യ നടപടിയെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ഈ നടപടി ജില്ലയെ അപമാനിക്കുന്നതാണെന്നും മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
സർക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ സമർപ്പിച്ചു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.
നേരത്തെ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി സമർപ്പിച്ച ശുപാർശകൾ തന്നെ നടപ്പിലാക്കിയാൽ മതിയെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.
നേരത്തെ ഇതേ വിഷയം പഠിക്കുന്നതിനു വേണ്ടി മൂന്ന് അംഗ കാർത്തികേയൻ കമ്മിറ്റിയെ നിയമിക്കുകയും വളരെ വിശദമായ റിപ്പോർട്ട് സമർപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അത് സർക്കാർ പരിശോധിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ മേശപ്പുറത്തിരിക്കുകയാണ്. അതു നടപ്പിലാക്കിയാൽ തന്നെ മലപ്പുറത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
#Plusoneseat #crisis #Malappuram #league #dismissed #commission #inquiry #action #humiliates #district'