കാസർകോട്: ( www.truevisionnews.com ) കുവൈത്തിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന് തീപിടിച്ച് പ്രവാസികൾ മരിച്ച സംഭവത്തിൽ ഞെട്ടിത്തരിച്ച് കാസർകോട് ജില്ല.
പുലർച്ചെ നാലോടെ ഉറക്കത്തിനിടെ അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തത്തിലാണ് ജില്ലയിലെ രണ്ട് പേരുൾപ്പെടെ ഒട്ടേറെപ്പേർ അഗ്നിക്കിരയായത്. വാർത്ത പുറത്തുവന്നതിനെത്തുടർന്ന് കുവൈത്തിൽ ജോലിചെയ്യുന്നവരുടെ കുടുംബക്കാരുടെ നെഞ്ചിൽ തീ ഉയരാൻ തുടങ്ങി.
.gif)

എവിടെയാണ് അപകടം നടന്നതെന്നും എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നുമുള്ള കണക്കുകൾ വ്യക്തമാകാൻ വൈകിയതോടെയാണ് എല്ലാവരിലും ആധി കയറിയത്. വിവരങ്ങളന്വേഷിച്ച് പത്രമോഫീസുകളിൽ ഫോൺവിളികളുടെ പ്രവാഹമായിരുന്നു.
ആധികാരിക വിവരമറിയാൻ വൈകുന്നത് കാരണം വ്യക്തമായൊരു മറുപടി പറയാൻ ആർക്കുമായില്ല. ഒരുപകൽ മുഴുവൻ എല്ലാവരെയും മുൾമുനയിലാക്കി വൈകിട്ടോടെയാണ് അപകടത്തിൽ മരിച്ചവരുടെ പേരുവിവരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത്.
വീട്ടിലെ കാര്യങ്ങളും നാട്ടുവിശഷേങ്ങളുമറിയാൻ എല്ലാ ദിവസവും കുവൈത്തിൽനിന്നും വീഡിയോകോൾ വരാറുള്ളതാണ്. ബുധനാഴ്ച അതുണ്ടായില്ല. പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് കെ.എൻ.മണി രാവിലെ മുതൽ അസ്വസ്ഥയായിരുന്നു.
ഇതിനിടയിലാണ് കുവൈത്തിലെ തീപ്പിടിത്തവിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയുന്നത്. ഭർത്താവ് കേളുവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും അങ്ങേത്തലയ്ക്കൽനിന്ന് മറുപടിയുണ്ടായില്ല.
തീപ്പിടിത്തവിവരമറിഞ്ഞ് അത് അന്വേഷിക്കാൻ പോയതായിരിക്കും. ഫോണെടുെത്തിട്ടുണ്ടാകില്ല. സഹപ്രവർത്തകർ സമാശ്വസിപ്പിച്ചു. ഭർത്താവിന്റെ വിളി കാത്തിരുന്ന മണി വൈകുന്നേരത്തോടെ തളർന്നുപോയി. ഇവരെ സഹപ്രവർത്തകർ ഇളമ്പച്ചിയിലെ വീട്ടിലെത്തിക്കുകയായിരുന്നു.
#kuwait #fire #kasaragod #malayali #kelu #death
