കൊട്ടിയം: (truevisionnews.com) കുളത്തിൽ മുങ്ങിമരിച്ച സഹോദരന്മാരായ കുട്ടികൾക്ക് നാട് കണ്ണീരോടെ വിട നൽകി. ഒരു സ്കൂളിൽ പഠിക്കണം എന്ന ആഗ്രഹം ബാക്കിയാക്കിയാണ് സഹോദരങ്ങൾ ലോകത്തോട് യാത്രപറഞ്ഞത്.
വെള്ളിയാഴ്ച വൈകീട്ട് ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിൽ മുങ്ങിമരിച്ച മൈലാപ്പൂര് പുതുച്ചിറ അൽഹംദുലില്ലായിൽ അനീസിന്റെയും ഹയറുന്നിസയുടെയും മക്കളായ ഫർസിൻ, സഹോദരൻ അഹിയാൻ എന്നിവർക്കാണ് നാട് വിടനൽകിയത്.
ഫർസിൻ വെള്ളിയാഴ്ച രാത്രിയും അഹിയാൻ ശനിയാഴ്ച പുലർച്ചയുമാണ് മരിച്ചത്. കുട്ടികളുടെ മരണവിവരം അറിഞ്ഞപ്പോൾ മുതൽ പുതുച്ചിറയിലുള്ള ഇവരുടെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.
തട്ടാമല സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് വിജയിച്ച ഫർസീനെ സഹോദരൻ അഹിയാൻ പഠിക്കുന്ന മൈലാപ്പൂര് ചെറുപുഷ്പം സ്കൂളിൽ എട്ടാം ക്ലാസിൽ ചേർക്കുകയായിരുന്നു.
സ്കൂൾ തുറക്കും മുമ്പ് വിധി ഇവരെ തട്ടിയെടുത്തു. സംഭവം നടന്ന സ്ഥലത്തിനടുത്ത് ഇവരുടെ മാതാവ് നടത്തുന്ന ബേക്കറിയിൽ ഫർസീൻ പോകാറുണ്ടെങ്കിലും വെള്ളിയാഴ്ച അഹിയാനും കൂടെ പോവുകയായിരുന്നു.
വയലിൽ മൂത്രമൊഴിക്കുവാൻ പോകവെയാണ് കാൽവഴുതി അഹിയാൻ കുളത്തിൽ വീണത്. രക്ഷിക്കാൻ ഇറങ്ങിയ ഫർസീനും മുങ്ങി താഴുകയായിരുന്നു.
കരയിൽ ചെരിപ്പ് ഇരിക്കുന്നത് കണ്ടു സംശയം തോന്നിയ അന്തർസംസ്ഥാന തൊഴിലാളിയാണ് ഇവരെ കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടത് ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അഹിയാൻ രക്ഷപ്പെടണമേ എന്ന പ്രാർഥനയിൽ നാട്ടുകാരും ബന്ധുക്കളും കഴിയുമ്പോഴാണ് വിധി തട്ടിയെടുത്തത്. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾ അവസാനമായി ഒരു നോക്ക് കാണുന്നതിനായി ബന്ധുക്കളും സഹപാഠികളും നാട്ടുകാരും അടക്കം നിരവധി പേർ എത്തിയിരുന്നു.
വീട്ടിലെ പൊതുദർശനത്തിനു ശേഷം കൊല്ലം മഖാനി പള്ളിയിൽ വൻ ജനാബലിയുടെ സാഹിത്യത്തിൽ വൈകിട്ട് അഞ്ചോടെ ഇരുവരെയും അടുത്തടുത്ത ഖബറുകളിലായി ഖബറടക്കി.
മക്കളുടെ ചേതനയറ്റ ശരീരങ്ങൾ കണ്ട് പൊട്ടിക്കരയുന്ന മാതാവിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു. പിതാവ് അനീസും മക്കളുടെ മൃതദേഹങ്ങൾ കണ്ടു തേങ്ങുന്നുണ്ടായിരുന്നു.
#nation #mourns #brothers #who #drowned #pond