വയനാട് : ( www.truevisionnews.com ) ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിൽനിന്ന് പണം തിരിമറി നടത്തിയ സംഭവത്തിൽ മൂന്ന് വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ.വനസംരക്ഷണസമിതി സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ പി പി ബിനീഷ്, എം എ രഞ്‌ജിത്, വി പി വിഷ്‌ണു എന്നിവർക്കാണ് സസ്‌പെൻഷൻ.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനാധികാരിയായ നോർത്ത് വയനാട് ഡിഎഫ്‌ഒ കെ ജെ മാർട്ടിൻ ലോവലാണ് സസ്‌പെൻഡ് ചെയ്‌തത്.
ചീഫ് ഫോറസ്‌റ്റ് കൺസർവേറ്ററുടെ നിർദേശപ്രകാരം സൗത്ത് വയനാട് ഡിഎഫ്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 16ലക്ഷത്തോളം രൂപയാണ് വനസംരക്ഷണസമിതി സെക്രട്ടറിമാരായിരുന്ന വനംവകുപ്പുദ്യോഗസ്ഥർ തിരിമറി നടത്തിയത് എന്നാണ് കണ്ടെത്തൽ.
ചെമ്പ്ര പീക്ക് ട്രക്കിങ് ഫീസ് ഇനത്തിൽ 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിച്ച തുക ഏപ്രിൽ അഞ്ച് ആയിട്ടും സൗത്ത് വയനാട് ഡിഎഫ്‌ഒയുടെ ഇഎംഎഫ് അക്കൗണ്ടിൽ അടവാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സാമ്പത്തിക തിരിമറി പുറത്തായത്.
2021 ആഗസ്‌ത് മുതൽ 2024 ഏപ്രിൽ വരെയുള്ള കാലത്തിനിടയിലെ 16,01,931 രൂപയുടെ കുറവുള്ളതായും കണ്ടെത്തി. തുടർന്ന് ബന്ധപ്പെട്ട ജീവനക്കാർ ഈ തുക ഡിഎഫ്ഒയുടെ അക്കൗണ്ടിൽ അടച്ചുവെങ്കിലും നടപടി തുടരുകയായിരുന്നു.
വയനാട് സൗത്ത് ഡിഎഫ്ഒ ആയിരുന്ന ഷജ്നകരീമാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടിനെ കുറിച്ച് വനംവകുപ്പ് വിജിലൻസ് അന്വേഷണവും തുടരുകയാണ്. സാമ്പത്തിക കുറ്റകൃത്യം എന്ന നിലയിൽ വനംവകുപ്പ് ആവശ്യപ്രകാരം പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
#suspension #three #employees #wayanad #chembra #peak #eco #tourism #fund #fraud