May 25, 2024 08:04 PM

തിരുവനന്തപുരം: (truevisionnews.com)    പ്രതിപക്ഷം ബാർ കോഴ ആരോപണം ആയുധമാക്കുന്നതിനിടെ വിശദീകരണവുമായി ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്.

എക്സൈസ് മന്ത്രി എം ബി രാജേഷ് കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. പ്രാഥമികമായ യാതൊരു ചർച്ചയും മദ്യനയവുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല.

എട്ടുവർഷമായി അധികാരത്തിൽ ഇല്ലാത്തതിന്റെ പ്രശ്നമാണ് ചില യുഡിഎഫ് നേതാക്കൾക്കെന്നും അവർക്ക് ചികിത്സ നൽകാൻ തങ്ങൾക്ക് കഴിയില്ലെന്നും റിയാസ് പറഞ്ഞു.

ബാർ കോഴ ആരോപണത്തിൽ സർക്കാർ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

ക്രൈംബ്രാഞ്ച് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്ന് യുഡിഎഫ് കൺവീന‍ർ എം എം ഹസ്സൻ പറഞ്ഞു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ രക്ഷിക്കാനാണ് എക്സൈസ് മന്ത്രി പരാതി നൽകിയത്.

ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണെന്നും എം എം ഹസ്സൻ പറഞ്ഞു. ബാറുകളുടെ സമയം കൂട്ടണമെന്ന് പറഞ്ഞതും ടൂറിസം മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് നിഷ്പക്ഷ അന്വേഷണം നടത്തില്ലെന്ന് എം എം ഹസ്സൻ ആരോപിച്ചു. എക്സൈസ് മന്ത്രിയും ടൂറിസം മന്ത്രിയും രാജി വെക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

ഭരണപക്ഷത്തിനെതിരെ ബാര്‍കോഴ ആരോപണം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. സര്‍ക്കാരിനെയും ഇടതുമുന്നണിയെയും പരമാവധി പ്രഹരിക്കാനുളള തന്ത്രങ്ങള്‍ക്ക് പ്രതിപക്ഷ ക്യാമ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്.

ആദ്യഘട്ടമെന്ന നിലയില്‍ എക്‌സൈസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. മന്ത്രിയുടെ തൃത്താലയിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇപ്പോൾ മന്ത്രിക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയിലേക്കും നീട്ടാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.

#Tourism #Minister #PAMuhammadRiyas #gave #explanation #using #bar #bribery #allegation #weapon.

Next TV

Top Stories