ജയ്പ്പൂർ: (truevisionnews.com) മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അമ്മയുടെ അടിയേറ്റ് 22കാരിക്ക് ദാരുണാന്ത്യം.

രാജസ്ഥാനിലെ ജയ്പ്പൂരിലെ ബിന്ദായക പ്രദേശത്താണ് സംഭവം. നികിത് സിങ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നികിത കൂടുതൽ സമയം ഫോണിൽ ചെലവഴിക്കാറുണ്ടായിരുന്നെന്നും അതിനാൽ രണ്ടര മാസം മുമ്പ് തങ്ങൾ അത് പിടിച്ചുവച്ചെന്നും പിതാവ് ഭജൻ ലാൽ പറഞ്ഞു.
മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുമെന്ന് നികിത കുടുംബത്തിന് ഉറപ്പുനൽകിയപ്പോൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അതവൾക്ക് തിരികെ നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ നികിത ഫോൺ ഉപയോഗിക്കുന്നത് കണ്ട് പിതാവ് വീണ്ടും ഫോൺ കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അയാൾ അത് സ്വിച്ച് ഓഫ് ചെയ്ത് ഒളിപ്പിച്ചുവയ്ക്കാൻ ഭാര്യ സീതയെ ഏൽപ്പിച്ചു.
തുടർന്ന് അദ്ദേഹം രാവിലെ എട്ട് മണിയോടെ ജോലിക്ക് പോയി. എന്നാൽ പകൽ സമയം, ഈ വിഷയത്തിൽ നികിതയും അമ്മയും തമ്മിൽ തർക്കമുണ്ടായി.
വാക്കുതർക്കം രൂക്ഷമാവുകയും പ്രകോപിതയായ സീത കമ്പിവടികൊണ്ട് മകളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തലയ്ക്ക് പരിക്കേറ്റ നികിതയെ എസ്എംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആശുപത്രി എത്തിയപ്പോഴേക്കും നികിത മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും നികിതയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായും പൊലീസുകാർ പറഞ്ഞു.
അമ്മയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അന്വേഷണവും അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും എസ്എച്ച്ഒ ഭജൻലാൽ കൂട്ടിച്ചേർത്തു.
#Controversy #over #mobile #use; #year-#old #dies #beaten #mother
