കാസര്‍കോട്: ( www.truevisionnews.com ) അമ്പലത്തറയില്‍ സി.പി.എം. നേതാക്കള്‍ക്ക് നേരേ സ്‌ഫോടകവസ്തു എറിഞ്ഞു. ഗൃഹസന്ദര്‍ശനത്തിനെത്തിയ പ്രാദേശിക സി.പി.എം. നേതാക്കള്‍ക്ക് നേരേയാണ് ലാലൂര്‍ സ്വദേശിയായ രതീഷ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി കണ്ണോത്ത് തട്ടിലെ ഷെമീര്‍ എന്നയാളുടെ വീട്ടില്‍വെച്ചായിരുന്നു സംഭവം.

സ്‌ഫോടകവസ്തു എറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. ഷെമീറിന്റെ സമീപവാസിയായ ആമിനയ്ക്കാണ് പരിക്കേറ്റത്. ഒഴിഞ്ഞുമാറിയതിനാല്‍ പാര്‍ട്ടി നേതാക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ആക്രമണം നടത്തിയ രതീഷ് സി.പി.എം. പ്രവര്‍ത്തകനാണെന്ന് ആരോപണമുയര്‍ന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇത് നിഷേധിച്ചു. രതീഷ് പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും 2018 മുതല്‍ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.
2003-ല്‍ അമ്പലത്തറയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ദാമോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രതീഷ്. ഈ കേസില്‍ ശിക്ഷാകാലാവധി കഴിഞ്ഞിറങ്ങിയതാണ്.
അതേസമയം, സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ രതീഷിനെതിരെയും വീട്ടുടമയായ ഷെമീറിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
#Incident #throwing #explosives #CPM #leaders #CPM #accused #not #party #worker
