കൽപ്പറ്റ : (truevisionnews.com) മുട്ടിൽ മരംമുറി കേസില്‍ വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
ഇതോടെ കോടതിയിലെ കേസ് നടത്തിപ്പ് ആകെ അനിശ്ചിതത്വത്തിലായി. തുടർ നടപടികൾ ചർച്ച ചെയ്യാൻ ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.
മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുള്‍പ്പെടെ എട്ടു പേർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകിയിരുന്നത്.
കുററപത്രം വായിച്ചു കേള്‍പ്പിക്കാൻ രണ്ട് തവണ കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചുവെങ്കിലും അവധി അപേക്ഷ നൽകി. വിചാരണ നടപടികളിലേക്ക് കടക്കുമ്പോഴാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തന്നെ കുറ്റപത്രത്തിനെതിരെ രംഗത്തുവന്നത്.
മരംമുറി മുൻ വയനാട് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും സര്‍ക്കാരിനുണ്ടായ കോടികളുടെ നഷ്ടത്തിന് ഉത്തരവാദി അന്നത്തെ കളക്ടര്‍ കൂടിയാണെന്നുമാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസഫ് മാത്യുവിന്‍റെ നിലപാട്.
അന്വേഷണ ഉദ്യോഗസ്ഥൻ വി.വി ബെന്നിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും കത്ത് നൽകിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തന്നെ സംശയം ഉന്നയിച്ചതോടെ നടപടികളാകെ അവതാളത്തിലായി.
കുറ്റപത്രം തിരിച്ച് വാങ്ങി തുടരന്വേഷണം വേണമെന്ന ആവശ്യം മാധ്യമങ്ങൾക്ക് മുന്നിലും പ്രോസിക്യൂട്ടര്‍ ഉന്നയിച്ചിട്ടുണ്ട്. കടുത്ത അതൃപ്തിയിലായ അന്വേഷണ സംഘം തുടര്‍ നടപടികളിൽ തിരക്കിട്ട ആലോചനയിലാണ്.
നിയമോപദേശം നൽകിയ ആൾ തന്നെ കുറ്റപത്രം തള്ളിപ്പറയുന്നത് അടക്കം നിയമപരമായ പ്രശ്നങ്ങൾ യോഗം അവലോകനം ചെയ്തു. അഡ്വക്കേറ്റ് ജനറലുമായി തുടര്‍ നടപടികൾ ചര്‍ച്ച ചെയ്തതിട്ടുണ്ടെന്നാണ് വിവരം.
അന്വേഷണ സംഘവും പബ്ലിക് പ്രോസിക്യൂട്ടറും രണ്ടു തട്ടിലായതോടെ കേസിലെ വിചാരണ അനിശ്ചിതത്വത്തിലാണ്. സംസ്ഥാന പൊലീസ് മേധാവിയുമായുള്ള കൂടിയാലോചനകൾക്ക് ശേഷം രണ്ട് ദിവസത്തിനകം കേസിൽ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് വിവരം.
#Muttiltreefelling: #Special #public #prosecutor #excollector #Atheela Abdullah #accused