കാസർകോട്: (truevisionnews.com) ബേഡകം എസ്ഐ കെ വിജയൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ സിപിഐഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദമെന്ന് കാസർകോട് സിറ്റിങ് എംപി രാജ്മോഹൻ ഉണ്ണിത്താൻ.

കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. യൂത്ത് കോണ്ഗ്രസ് നേതാവിനെതിരെ പീഡനകേസെടുക്കാൻ എസ്ഐക്കുമേൽ സമ്മർദമുണ്ടായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എം ഉനൈസിനെ പീഡനക്കേസിൽ പ്രതിയാക്കാൻ ശ്രമിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കേസന്വേഷണം നടത്താൻ പോലും ഉദ്യോഗസ്ഥനെ സമ്മതിച്ചില്ലെന്ന് കേട്ടു. വിജയന്റെ മരണ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്. വിജയന്റേത് ആത്മഹത്യയായി കാണാൻ കഴിയില്ല.
ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണ് ചെയ്തത്. സമ്മർദ്ദം ചെലുത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
മാർക്സിസ്റ്റ് പാർട്ടിക്ക് ഓശാന പാടാൻ അല്ല ബൂത്ത് ഏജന്റുമാരെ വെച്ചിരിക്കുന്നതെന്ന് കള്ളവോട്ട് വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ആര്യാ രാജേന്ദ്രൻ നാറിയിരിക്കുകയാണെന്നും ഉണ്ണിത്താൻ പറഞ്ഞു. തെളിവുകൾ ആരാണ് നശിപ്പിച്ചതെന്ന് ചോദിച്ച ഉണ്ണിത്താൻ ബസ്സിലുള്ള യാത്രക്കാരുടെ യാത്ര മുടക്കിയെന്ന് ആരോപിക്കുകയും ചെയ്തു.
വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസമാണ് കെ വിജയൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ മെയ് നാലിനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് വിജയൻ മരിച്ചത്.
മംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് വിജയനെ രണ്ട് ദിവസം മുമ്പാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
#SIVijayan's #suicide #pressure #CPIM #leaders #officials #behind
