Apr 28, 2024 01:42 PM

ബെളഗാവി: (truevisionnews.com) രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ വിജയം നേടാൻ, കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം നേടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം.

കർണാടകയിലെ ബെളഗാവിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഒട്ടേറെ ക്ഷേത്രങ്ങൾ തകർത്ത മുഗൾ ഭരണാധികാരിയ ഔറംഗസീബിനെ മഹത്വവൽക്കരിക്കുന്ന പാർട്ടികളുമായി കോൺഗ്രസ് സഖ്യം ചേരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഛത്രപതി ശിവാജി, റാണി ച‌െന്നമ്മ തുടങ്ങിയവരെ അപമാനിക്കുന്ന കോൺഗ്രസിന്റെ രാജകുമാരൻ നവാബുമാരും നിസാമുമാരും സുൽത്താൻമാരും ബാദുഷാമാരും ചെയ്ത ക്രൂരതകളെക്കുറിച്ച് മിണ്ടുന്നില്ലെന്നും രാഹുൽ ഗാന്ധിയെ ഉന്നമിട്ട് മോദി പറഞ്ഞു.

‘‘ഇന്ത്യയിലെ രാജാക്കന്മാർ ക്രൂരന്മാരായിരുന്നുവെന്ന് കോൺഗ്രസിലെ രാജകുമാരൻ പറയുന്നു. അവർ പാവപ്പെട്ടവരുടെ സ്വത്തുക്കൾ തന്നിഷ്ടം പോലെ തട്ടിയെടുത്തെന്നാണ് വിമർശനം.

ഛത്രപതി ശിവാജി, റാണി ച‌െന്നമ്മ തുടങ്ങിയ മഹത് വ്യക്തിത്വങ്ങളെ കോൺഗ്രസിന്റെ രാജകുമാരൻ അപമാനിച്ചു.

അവരുടെ സദ്ഭരണവും രാജ്യസ്നേഹവും ഇപ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് ഓർക്കണം. നാമെല്ലാം അഭിമാനത്തോടെ നോക്കിക്കാണുന്ന മൈസൂരു രാജകുടുംബത്തിന്റെ സംഭാവനകളേക്കുറിച്ച് കോൺഗ്രസിന്റെ രാജകുമാരന് അറിയില്ലേ?

ചില പ്രത്യേക വോട്ടുബാങ്കുകളെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഈ രാജകുമാരൻ ആലോചിച്ച് നടത്തിയ പ്രസ്താവനകളാണ് ഇതെല്ലാം.

‘‘എന്നാൽ നവാബുമാരും നിസാമുമാരും സുൽത്താൻമാരും ബാദുഷാമാരും ചെയ്ത ക്രൂരതകളെക്കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടുന്നില്ല. ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർത്ത ഔറംഗസീബിന്റെ ക്രൂരതകൾ കോൺഗ്രസ് വിസ്മരിക്കുകയാണ്.

ഔറംഗസീബിനെ മഹത്വവൽക്കരിക്കുന്ന പാർട്ടികളുമായി കോൺഗ്രസ് സഖ്യം സ്ഥാപിക്കുന്നു. നമ്മുടെ തീർഥാടന കേന്ദ്രങ്ങൾ നശിപ്പിച്ച, അവ കൊള്ളയടിച്ച, നമ്മുടെ ആളുകളെ കൊലപ്പെടുത്തിയ, പശുക്കളെ കൊന്ന ആളുകളെക്കുറിച്ച് അവർ മൗനം പാലിക്കുന്നു.

‘‘കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ച അന്നുമുതൽ നിയമപാലനവും ക്രമസമാധാന വാഴ്ചയും തകർന്നു തരിപ്പണമായി.

ഹുബ്ബള്ളിയിൽ സംഭവിച്ചത് നമ്മുടെ രാജ്യത്തെത്തന്നെ ഒന്നടങ്കം നടുക്കി. ആ പെൺകുട്ടിയുടെ കുടുംബം ശക്തമായ നടപടി ആവശ്യപ്പെട്ടു.

അപ്പോഴും സംസ്ഥാന സർക്കാർ ചില പ്രത്യക വിഭാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനു മുൻഗണന നൽകി. നേഹയേപ്പോലുള്ള പെൺമക്കളുടെ ജീവിതങ്ങൾക്ക് അവർ യാതൊരു പ്രാധാന്യവും നൽകുന്നില്ല.

വോട്ടുബാങ്ക് മാത്രമാണ് അവരുടെ വിഷയം. ‘‘ക്രിമിനൽ നീതി സംവിധാനത്തിലെ അപരിഷ്കൃത നിയമങ്ങൾ ബിജെപി സർക്കാർ നീക്കം ചെയ്തു.

ശിക്ഷയേക്കാൾ പൗരൻമാർക്ക് നീതി ലഭ്യമാക്കുന്നതിനാണ് നമ്മുടെ ന്യായ സംഹിതയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

ഭീകരവാദത്തിനെതിരായ നിയമങ്ങൾ കൂടുതൽ കർശനമാക്കി, മറ്റുള്ളവർക്കെതിരായ ക്രൂരതകളോട് സന്ധിയില്ലാത്ത നയം സ്വീകരിച്ചു. ജൂലൈ ഒന്നിനു നിലവിൽ വരുന്ന നിയമം രാജ്യത്തെ എല്ലാ പൗരൻമാർക്കും സഹായകരമാകും.’’ – മോദി പറഞ്ഞു.

#Congress #sought #help #PopularFront #defeat #RahulGandhi #Wayanad: #NarendraModi #allegations

Next TV

Top Stories