കല്പറ്റ : (truevisionnews.com)നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽകുമാറാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ 29-ന് ശിക്ഷ വിധിക്കും. 2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല നടന്നത്.
പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തുവെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു.
മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ 41 അംഗ അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസന്വേഷിച്ചത്. കേസിൽ അന്വേഷണോദ്യോഗസ്ഥനുൾപ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ഡിസംബർ 20-നാണ് കേസിന്റെ വിചാരണ പൂർത്തിയായത്. ഫെബ്രുവരി 16-നാണ് വാദംകേൾക്കൽ തുടങ്ങിയത്.
#Nelliyambam #double #murder #Court #finds #accused #Arjun #guilty