സുൽത്താൻ ബത്തേരി: ( www.truevisionnews.com ) ഒന്നാം നമ്പർ ടോക്കൺ എടുത്തയാളെ ആദ്യം പരിശോധിച്ചില്ലെന്ന് ആരോപിച്ച് ഡോക്ടർക്കും ജീവനക്കാരിക്കും നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി.
വയനാട് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് ബത്തേരി താലൂക് ആശുപത്രിയിൽ ടോക്കണെ ചൊല്ലി തർക്കമുണ്ടാകുന്നത്. ഗൈനക്കോളജി ഒ.പിയിൽ ഗർഭിണിക്കൊപ്പമെത്തിയ ആൾ ഒന്നാം നമ്പർ ടോക്കൺ എടുത്തു. എന്നാൽ ടോക്കൺ വിളിച്ച സമയത്ത് എത്തിയില്ല. ശേഷം വന്നവർ ഡോക്ടറെ കണ്ട് മടങ്ങി.
പിന്നീട് ആറാമത്തെ ടോക്കൺകാരനെ പരിശോധിക്കുമ്പോഴാണ് ഇവർ വീണ്ടുമെത്തിയത്. ഇതോടെ തുടങ്ങി പ്രശ്നങ്ങൾ. കൗണ്ടറിലുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തള്ളിമാറ്റി.
അകത്ത് കയറിയ രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ ഭീഷണിപ്പെടുത്തി. വാതിൽ അടച്ച ശേഷം ഡോക്ടറുടെ കസേരയിൽ പിടിച്ചായിരുന്നു ബഹളം വെച്ചതെന്ന് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിജയനാഥ് പറഞ്ഞു.
കയ്യേറ്റത്തേ അപലപിച്ച് ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എന്നാൽ സംഭവത്തിൽ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നാണ് ബത്തേരി പോലീസ് പറയുന്നത്.
#clash #token #government #hospital #relatives #patient #attempted #manhandle #doctor #staff