ഹൈദരാബാദ്: (truevisionnews.com) തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
വിവാഹ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 65 പേരടങ്ങുന്ന ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയി ഒരു മിനിറ്റിനുശേഷമായിരുന്നു തകർന്നുവീണത്.
ഇക്കാര്യം പറഞ്ഞത് 600 മീറ്റർ അകലെയുള്ള ഒഡേഡു ഗ്രാമത്തിന്റെ സർപ്പഞ്ച് സിരികോണ്ട ബക്ക റാവുവാണ്.
രാത്രി 9.45ഓടു കൂടി മേഖലയിൽ ശക്തമായ കാറ്റുവീശിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു തൂണുകൾക്ക് ഇടയ്ക്കുള്ള അഞ്ച് കോൺക്രീറ്റ് ഗർഡറുകളിൽ രണ്ടെണ്ണം തകർന്നുവീണത്.
ബാക്കിയുള്ള മൂന്നും അധികം വൈകാതെ താഴെ വീണേക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. 2016ലാണ് അന്നത്തെ തെലങ്കാന നിയമസഭാ സ്പീക്കർ എസ്. മധുസുധന ചാരിയും പ്രദേശത്തെ എംഎൽഎ പുട്ട മധുവും ചേർന്ന് ഉദ്ഘാടനം ചെയ്തത്.
ഈ പാലത്തിനായി 49 കോടി രൂപയോളം അനുവദിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
#Strong #winds: #Eight-#year-#old #bridge #collapses #Telangana