Apr 20, 2024 03:46 PM

തിരൂര്‍: (truevisionnews.com) മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ഗൂഢാലോചന നടത്തി ഇ.ഡിക്കു വിട്ടുകൊടുത്തെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കിയെന്നും ഹംസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


നരേന്ദ്രമോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നപ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാതെ മാറിനിന്നതിന് കുഞ്ഞാലിക്കുട്ടിയോട് അന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍ വിശദീകരണം തേടിയപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് മാപ്പ് പറയേണ്ടിവന്നു.

മാപ്പ് പറഞ്ഞത് തങ്ങള്‍ പുറത്തുവിട്ടു. കൂടാതെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.

ഇതൊക്കെയാണ് കുഞ്ഞാലിക്കുട്ടിക്ക് തങ്ങളോട് വിരോധമുണ്ടാകാന്‍ കാരണം. ലീഗ് മുഖപത്രത്തിന്റെ അക്കൗണ്ട് വഴി വി.കെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ തങ്ങളുടെ മൊഴിയെടുക്കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീട്ടിലെത്തിയത് കുഞ്ഞാലിക്കുട്ടിയുടെ ബനാമിയുടെ ഉടമസ്ഥതയിലുള്ള കാറിലാണ്.

പാര്‍ട്ടി പത്രത്തിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതും ഗൂഢാലോചനയുടെ ഭാഗമായാണ്. നോട്ട് നിരോധനകാലത്ത് ഈ കള്ളപ്പണം വെളുപ്പിക്കാന്‍ ആദ്യം കൊണ്ടുപോയത് തിരുവന്തപുരത്തേക്കാണ്. ഒരു ചാക്കില്‍ കെട്ടിയ നോട്ടുകെട്ടുകള്‍ കഴക്കൂട്ടത്ത് ഇറക്കി.

അവിടുന്ന് പത്രത്തിന്റെ തിരുവനന്തപുരം ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഒരു കാര്‍ വാടകയ്‌ക്കെടുത്ത് അതില്‍ കയറ്റി കൊണ്ടുപോയി പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചെങ്കിലും അതു നടന്നില്ല.

പിന്നീട് എറണാകുളത്ത് കൊണ്ടുവന്ന് ഇബ്രാഹിംകുഞ്ഞ് ഇടപെട്ട് പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. അതിന്റെ പേരിലാണ് ഇ.ഡി, പത്രത്തിന്റെ ചെയര്‍മാനായിരുന്ന തങ്ങളുടെ മൊഴിയെടുത്തത്.

കൂടാതെ അസുഖബാധിതനായി ഹൈദരലി തങ്ങള്‍ ചികിത്സയിലായപ്പോള്‍ പകരം വര്‍ക്കിംഗ് പ്രസിഡന്റായി സാദിഖലി തങ്ങളെ അവരോധിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. ഇതിനായി തങ്ങള്‍ കുടുംബാംഗങ്ങളുടെ യോഗം വിളിക്കുകയും ചെയ്തു.

ഇതിന്റെ പേരില്‍ പാണക്കാട്ടുവെച്ച് ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ വാഗ്വാദമുണ്ടായി. ഇതിന് മുനവ്വറലി തങ്ങള്‍ സാക്ഷിയാണെന്നും കെ.എസ് ഹംസ പറഞ്ഞു.

#Hyderali #threatened #pressured #KSHamza #criticizes #Kunhalikutty

Next TV

Top Stories