കിഴിശ്ശേരി: (truevisionnews.com) യാത്രയില്‍ അടുത്തടുത്തിരുന്ന് കളിചിരികള്‍ പറഞ്ഞ ഭാര്യയും രണ്ടു മക്കളും എന്നന്നേക്കുമായി പിരിഞ്ഞത് ആശുപത്രിയില്‍ കഴിയുന്ന ഉമ്മര്‍ ഹാജി ഇനിയും അറിഞ്ഞിട്ടില്ല.
ഉമ്മയുടെയും രണ്ടു കൂടപ്പിറപ്പുകളുടെയും വേര്‍പാട് ഇദ്ദേഹത്തിന്റെ മറ്റു രണ്ടു മക്കളായ ആമിറിനെയും ഹസ്നയെയും അറിയിച്ചിട്ടില്ല. ഗുരുതരമായി പരിക്കേറ്റ അവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉറ്റവരെ അവസാനമായൊന്നു കാണാന്‍പോലും കഴിയാത്ത ഇവരോട് ഒറ്റയടിക്ക് എങ്ങനെ യാഥാര്‍ഥ്യം വെളിപ്പെടുത്തുമെന്ന അങ്കലാപ്പിലാണ് ബന്ധുക്കളും നാട്ടുകാരും. ഞായറാഴ്ച രാവിലെ വയനാട് വൈത്തിരിയിലുണ്ടായ വാഹനാപകടമാണ് ഉമ്മര്‍ ഹാജിയുടെ ഭാര്യ ആമിനക്കുട്ടിയുടെയും മക്കളായ അബ്ദുള്ളയുടെയും ആദിലിന്റെയും ജീവനെടുത്തത്.
കുഴിമണ്ണ സെക്കന്‍ഡ് സൗത്ത് നേരേമാക്കല് തച്ചാപറമ്പന്‍ ഉമ്മര്‍ ഹാജിയും ഭാര്യയും നാലു മക്കളും വിനോദയാത്ര കഴിഞ്ഞു മൈസൂരില്‍നിന്ന് നാട്ടിലേക്കു മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഇവരുടെ കാറും കെ.എസ്.ആര്.ടി.സി. ബസും കൂട്ടിയിടിക്കുകയായിരുന്നു.
വാഹനമോടിച്ചിരുന്ന അബ്ദുള്ള സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആമിനക്കുട്ടിയും ആദില്‍ ഉമറും ആശുപത്രിയില്‍വെച്ചും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഉമ്മര്‍ ഹാജിയെയും ആമിറിനെയും ഹസ്നയേയും വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
ശസ്ത്രക്രിയ കഴിഞ്ഞ മൂന്നുപേരും അപകടനില തരണംചെയ്തിട്ടുണ്ട്. ഉമ്മര്‍ ഹാജിയുടെ കാലിന് പൊട്ടലുകളുണ്ട്. കുടലിനും ക്ഷതമേറ്റു. ഹസ്നയുടെ താടിയെല്ലിന് പൊട്ടലുണ്ട്. ശ്വാസകോശത്തിനും പരിക്കേറ്റു. ആമിറിന് മുഖത്തും കാലുകള്‍ക്കുമാണ് പരിക്ക്. പ്രവാസിയായ ഉമ്മര്‍ ഹാജി ചെറിയപെരുന്നാളിന് ഒരാഴ്ച മുന്‍പാണ് വീട്ടിലെത്തിയത്.
മൂന്നുപതിറ്റാണ്ടിലേറെയായി വിദേശത്തുള്ള അദ്ദേഹം റിയാദിലാണ് ജോലിചെയ്യുന്നത്. അബ്ദുള്ള ഉമ്മര്‍ ഹൈദരാബാദില്‍ സ്റ്റുഡന്റ്സ് സൈക്കോളജിസ്റ്റാണ്. പെരുന്നാളിന് നാട്ടിലെത്തിയതാണ്. തിങ്കളാഴ്ച പോകാനിരുന്നതാണ്.
ഉപ്പയും മക്കളുമെല്ലാം ഒന്നിച്ച സന്തോഷത്തിലാണ് മൈസൂരിലേക്ക് ശനിയാഴ്ച പുലര്‍ച്ചെ കുടുംബസമേതം വിനോദയാത്രയ്ക്കു പുറപ്പെട്ടത്. വിഷുനാളില്‍ ഉമ്മര്‍ ഹാജിയുടെ കുടുംബത്തിനുണ്ടായ ദുരന്തം കുഴിമണ്ണയെയാകെ കണ്ണീരിലാഴ്ത്തി.
വൈത്തിരി താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ഞായറാഴ്ച വൈകീട്ടോടെ നാട്ടിലെത്തിച്ചു.
വീട്ടിലെയും കുഴിമണ്ണ ഗവ. എല്‍.പി. സ്കൂളിലെയും പൊതുദര്‍ശനത്തിനുശേഷം കുഴിമണ്ണ ജുമുഅത്ത് പള്ളി കബറിസ്താനില്‍ കബറടക്കി. അവുഞ്ഞിക്കാട്ടില് നക്കോട്ടില്‍ മുഹമ്മദാണ് ആമിനക്കുട്ടിയുടെ പിതാവ്. മാതാവ്: ബീഫാത്തിമ.
#wayanad #vythiri #accident #kuzhimanna #deaths