വിശാഖപട്ടണം: (truevisionnews.com) ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ പടുത്തുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 273 റൺസിൻ്റെ വിജയലക്ഷ്യമാണ് കൊൽക്കത്ത മുന്നോട്ടുവച്ചത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് റൺമല താണ്ടിയത്.
സുനിൽ നരെയ്ൻ (39 പന്തിൽ 85), ആംഗ്കൃഷ് രഘുവൻഷി (27 പന്തിൽ 54), ആന്ദ്രേ റസ്സൽ (19 പന്തിൽ 41 ), റിങ്കു സിംഗ് (8 പന്തിൽ 26) എന്നിവരാണ് കൊൽക്കത്തയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ആൻറിച്ച് നോർജെ ഡൽഹിക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഗംഭീര തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഫിൽ സാൾട്ട് (12 പന്തിൽ 18) - നരെയ്ൻ സഖ്യം 60 റൺസ് ചേർത്തു. അഞ്ചാം ഓവറിൽ സാൾട്ടിനെ പുറത്താക്കി നോർജെ കൂട്ടുകെട്ട് പൊളിച്ചു.
മൂന്നാമതെത്തിയ രഘുവൻഷി, നരെയ്നൊപ്പം ചേർന്ന് അടി തുടർന്നു. ഇരുവരും 104 റൺ കൂട്ടിചേർത്തു. എന്നാൽ 13-ാം ഓവറിൽ നരെയ്ൻ മടങ്ങി. മിച്ചൽ മാർഷിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ക്യാച്ച്.
ഏഴ് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു നരെയ്ൻ്റെ ഇന്നിംഗ്സ്. വൈകാതെ രഘുവൻഷിയും പവലിയനിൽ തിരിച്ചെത്തി. മൂന്ന് സിക്സും അഞ്ച് ഫോറും താരം നേടിയിരുന്നു. ശ്രേയസ് അയ്യർക്ക് (18) അധികനേരം പിടിച്ചു നിൽക്കാനായില്ല.
തുടർന്നെത്തിയ റിങ്കു ആക്രമിച്ച് കളിച്ചതോടെ കൊൽക്കത്ത റെക്കോർഡ് സ്കോർ പടുത്തുയർത്തി. റിങ്കുവും റസ്സലും അവസാന ഓവറുകളിൽ വീണു. വെങ്കടേഷ് അയ്യർ (5), മിച്ചൽ സ്റ്റാർക്ക് (1) പുറത്താവാതെ നിന്നു. രമൺദീപ് സിംഗാണ് (2) പുറത്തായ മറ്റൊരു താരം.
നേരത്തെ, ഇരു ടീമുകളും ഓരോ മാറ്റം വരുത്തി. ഡൽഹി മുകേഷ് കുമാറിന് പകരം സുമിത്തിനെ ടീമിൽ ഉൾപ്പെടുത്തി. ആംഗ്കൃഷ് രഘുവൻഷി കൊൽക്കത്ത പ്ലേയിംഗ് ഇലവനിൽ ഇടം നേടി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത.
നിലവിൽ രണ്ടാം സ്ഥാനത്താണ് ടീം. മൂന്നിൽ രണ്ട് മത്സരം ജയിച്ച ഡൽഹി ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ നിലവിലെ ചാപ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച ആത്മവിശ്വാസം അവർക്കുണ്ട്.
ഡൽഹി കാപിറ്റൽസ് : പൃഥ്വി ഷാ, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, റിഷഭ് പന്ത് ( ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർa), ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറെൽ, അക്സർ പട്ടേൽ, ആൻറിച്ച് നോർജെ, മുകേഷ് കുമാർ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിൽ സാൾട്ട് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസ്സൽ, മിച്ചൽ സ്റ്റാർക്ക്, അനുകുൽ റോയ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി.
#KolkataKnightRiders #set #record #score #against #DelhiCapitals #IPL2024
