കൊച്ചി: ( www.truevisionnews.com ) ടിടിഇ വിനോദിന്റെ കൊലപാതകത്തിൽ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ട്രെയിനിലുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി.
ടിടിഇയെ പ്രതി അസഭ്യം പറഞ്ഞെന്നും പൊലീസിനെ വിളിച്ചതിന് പിന്നാലെയാണ് കാല് കൊണ്ട് തൊഴിച്ച് താഴെയിട്ടതെന്നും ഇയാൾ പ്രതികരിച്ചു.
മലയാളത്തിൽ പൊലീസിനോട് സംസാരിച്ചത് പ്രതിക്ക് മനസിലായിട്ടുണ്ടാകാമെന്നും ഇയാൾ പറയുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണമായിരുന്നു എന്നും ഒരൊറ്റ സെക്കന്റിൽ എല്ലാം കഴിഞ്ഞുവെന്നും പറഞ്ഞ ദൃക്സാക്ഷി തങ്ങൾ ഭയന്നുപോയെന്നും പറഞ്ഞു.
ടിടിഇ ടിക്കറ്റ് പരിശോധിക്കാൻ വന്നത് തൃശ്ശൂരിലെത്തിയപ്പോഴാണ്. ഞങ്ങൾ ഇരുന്നതിന് താഴെയാണ് അയാൾ ഇരുന്നത്. ഞങ്ങളൊക്കെ ടിടിഇയെ ടിക്കറ്റ് കാണിച്ചു. എന്നാൽ അയാളുടെ കൈയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നില്ല. 1000 രൂപ പിഴയടക്കാൻ ടിടിഇ ആവശ്യപ്പെട്ടു. അതിനും അയാൾ തയ്യാറായില്ല.
പിഴയടക്കാൻ പറഞ്ഞപ്പോൾ ടിടിഇയുടെ വീട്ടുകാരെ അമ്മയെയും സഹോദരിയെയുമടക്കം ഹിന്ദിയിൽ ചീത്ത വിളിച്ചു. അമിതമായി മദ്യപിച്ചാണ് അയാൾ ട്രെയിനിൽ കയറിയത്. ഇതോടെ ടിടിഇ പൊലീസിനെ വിളിച്ചു. മലയാളത്തിലാണ് ടിടിഇ പൊലീസിനോട് സംസാരിച്ചത്. അയാൾക്കത് മനസിലായെന്നാണ് തോന്നുന്നത്.
സീറ്റിൽ നിന്നെഴുന്നേറ്റ ഇയാൾ ടിടിഇയുടെ അടുത്തേക്ക് പോയി. പൊടുന്നനെ കാല് വെച്ച് തൊഴിച്ചു. ഒറ്റ സെക്കന്റിൽ ടിടിഇ ട്രെയിനിൽ നിന്ന് താഴെ പോയി. ഞങ്ങൾ ഭയന്നുപോയി. ഉടനെ ഒപ്പമുണ്ടായിരുന്ന ഒരാളെ വിട്ട് അടുത്ത കംപാര്‍ട്മെന്റിലെ ടിടിഇയോട് കാര്യം അറിയിച്ചു. പ്രതിയെ ഞങ്ങൾ പൊലീസിലേൽപ്പിച്ചുവെന്നും ദൃക്സാക്ഷി പറഞ്ഞു.
പ്രതി രജനികാന്തയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നുവെന്ന് പാർക്ക് റെസിഡൻസി ഹോട്ടൽ ഡയറക്ടർ ജോർജ് പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതി നന്നായി മദ്യപിച്ചിരുന്നുവെന്നും ഇത് അംഗീകരിക്കാൻ കഴിയാത്തതിനാൽ പിരിച്ചുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഒരു ഒഡീഷ സ്വദേശിക്കൊപ്പമാണ് രജനികാന്ത ഹോട്ടലിൽ എത്തിയത്. കഴിഞ്ഞ രണ്ടു ദിവസവും നന്നായി മദ്യപിച്ചിരുന്നു.
2 മാസത്തിൽ ഏറെയായി ഹോട്ടലിൽ ക്ലീനിങ് ജോലികൾ ചെയ്തിരുന്നു. ഇക്കാലയളവിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ടിടിഇയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ജോര്‍ജ് പറഞ്ഞു.
#witness #statement #against #accused #rajanikantha #tte #vinod #murder