തലശ്ശേരി: www.truevisionnews.com കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് വരികയായിരുന്നവര്‍ സഞ്ചരിച്ച ജീപ്പിന് ബോംബെറിഞ്ഞ് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1.2 ലക്ഷം രൂപ പിഴയും വിധിച്ചു.

സി.പി.എം. പ്രവര്‍ത്തകന്‍ നടുവനാട് ഹസീന മന്‍സിലില്‍ മുരിക്കാഞ്ചേരി അര്‍ഷാദിനെയാണ് (40) തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. സംഭവം നടന്ന് 21 വര്‍ഷത്തിനുശേഷമാണ് ശിക്ഷ.
ഒരുലക്ഷം രൂപ പിഴയടക്കുന്നില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും പുറമേ രണ്ട് വകുപ്പുകളിലായി നാലുവര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ.
കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്‍ ചാവശ്ശേരിയിലെ ഉത്തമന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് ജീപ്പില്‍ മടങ്ങിയവര്‍ക്കുനേരേ സി.പി.എം. പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നാണ് കേസ്. അക്രമത്തില്‍ ജീപ്പ് ഡ്രൈവര്‍ പടിക്കച്ചാലിലെ ശിഹാബ് (28), യാത്രക്കാരി കരിയില്‍ അമ്മുവമ്മ (70) എന്നിവര്‍ കൊല്ലപ്പെട്ടു.
2002 മേയിലാണ് സംഭവം. 25 പ്രതികളില്‍ 24 പേരെ ജീവപര്യന്തം തടവിനും 20,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു. വിചാരണ പൂര്‍ത്തിയായശേഷം ഒന്നാം പ്രതിയായ അര്‍ഷാദ് ഒളിവില്‍പ്പോയിരുന്നു. പിന്നീട് കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് വാദം കേട്ട കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
#kannur #ammuamma #shihab #murder #case #accused #cpm #worker #gets #life #imprisonment
