ന്യൂഡല്‍ഹി: (truevisionnews.com) അമ്പയറെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വനിന്ദു ഹസരങ്കയ്ക്ക് വിലക്ക്. രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതായി രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. അറിയിച്ചു.
ശ്രീലങ്ക - അഫ്ഗാനിസ്താന്‍ ടി20 മത്സരത്തിനിടെ സ്‌ക്വയര്‍ ലെഗ് അമ്പയറായ ലിന്‍ഡന്‍ ഹാനിബലിനെതിരേ അസഭ്യം പറയുകയായിരുന്നു. അഫ്ഗാനിസ്താനെതിരേ അവസാന മൂന്ന് പന്തില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്നു.
ഈ ഘട്ടത്തില്‍ അഫ്ഗാന്‍ താരം വഫാദര്‍ മോമന്ദ് ഫുള്‍ടോസ് എറിഞ്ഞു. ക്രീസിലുള്ള കമിന്തു മെന്‍ഡിസിന്റെ അരക്കെട്ടിന് ഉയരത്തിലായിരുന്നു പന്ത് വന്നത്. ഇതോടെ പന്ത് നോബോളാണെന്ന് വാദിച്ച് ഹസരങ്ക രംഗത്തുവന്നു.
ഇത് അനുവദിക്കാതിരുന്നതോടെ ഹസരങ്ക അമ്പയര്‍ക്കെതിരേ അസഭ്യം പറയുകയായിരുന്നു. മത്സരത്തില്‍ ശ്രീലങ്ക മൂന്ന് റണ്‍സിന് തോറ്റു. 'രാജ്യാന്തര ക്രിക്കറ്റ് മത്സരത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണത്. അരക്കെട്ടോട് ചേര്‍ന്നാണെങ്കില്‍ പ്രശ്‌നമില്ലായിരുന്നു.
പക്ഷേ, പന്ത് വളരെ ഉയരത്തിലാണ് എത്തിയത്. അല്പംകൂടി ഉയരത്തിലായിരുന്നെങ്കില്‍ അത് ബാറ്ററുടെ തലയില്‍ പതിക്കുമായിരുന്നു. അമ്പയര്‍ രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനായ ആളല്ല, മറ്റൊരു ജോലി കണ്ടെത്തുന്നതാണ് നല്ലത്', ഹസരങ്ക പറഞ്ഞു.
#Abusing #umpire; #SriLanka #captain #VaninduHazaranka #banned #ICC