കോട്ട: (truevisionnews.com) സരസ്വതി ദേവിയെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് സർക്കാർ സ്കൂള്‍ അധ്യാപികയെ സസ്‍പെന്‍ഡ് ചെയ്തു.

രാജസ്ഥാനിലെ കൃഷ്ണഗഞ്ചിലുള്ള ലക്ഡായി ഗ്രാമത്തിൽ പ്രൈമറി അധ്യാപികയായ ഹേമലത ബൈരവയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നടപടി ഏറ്റുവാങ്ങിയത്. നടപടി എടുത്ത വിവരം വിദ്യാഭ്യാസ മന്ത്രി തന്നെ പൊതുചടങ്ങിൽ വെച്ച് അറിയിക്കുകയും ചെയ്തു.
സ്കൂളിൽ സരസ്വതി ദേവിയുടെ പങ്ക് എന്താണെന്ന് ചോദിക്കുന്ന തരത്തിൽ ചിലരുടെ സ്വഭാവം മാറിയിട്ടുണ്ടെന്നും അവരെ താൻ സസ്‍പെന്‍ഡ് ചെയ്തതായുമാണ് മന്ത്രി മദൻ ദിലവാർ ഒരു പരിപാടിയിൽ പ്രസംഗിക്കവെ പറഞ്ഞത്.
അധ്യാപികയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിന്മേൽ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു.
സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ സരസ്വതി ദേവിയുടെ ചിത്രം വെയ്ക്കാൻ അനുവദിച്ചില്ലെന്നതാണ് അധ്യാപികയ്ക്കെതിരായ പരാതി.
ഗാന്ധിയുടെയും അംബേദ്കറുടെയും ചിത്രത്തോടൊപ്പം ആഘോഷത്തിൽ സരസ്വതി ദേവിയുടെയും ചിത്രം വെയ്ക്കണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും സ്കൂളിനും വിദ്യാഭ്യാസത്തിനും സരസ്വതി ദേവി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് അധ്യാപിക ആവശ്യം നിരസിക്കുകയായിരുന്നു.
എന്നാൽ സരസ്വതി ദേവിയുടെ ചിത്രം വെയ്ക്കാൻ അനുവദിച്ച് ആഘോഷ വേളയിൽ അധ്യാപിക ഒരു വിവാദം ഒഴിവാക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത് എന്നാണ് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ പറഞ്ഞത്.
അതിന് പകരം മതവികാരം വ്രണപ്പെടുത്താനാണ് അവർ ശ്രമിച്ചത്. ഈ സംഭവത്തിന്റെ അന്വേഷമാണ് ഇപ്പോൾ സസ്‍പെൻഷനിൽ കലാശിച്ചതെന്ന് ജില്ലാ എലിമെന്ററി വിദ്യാഭ്യാസ ഡയറക്ടർ പിയൂഷ് കുമാർ ശർമ വാർത്താ ഏജൻസിയോട് പറഞ്ഞു.
സസ്‍പെൻഷൻ കാലയളവിൽ ബികാനീറിലെ എലമെന്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ എത്താനാണ് അധ്യാപികയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
#picture #Goddess #Saraswati #along #Gandhi #Ambedkar #not #allowed; #Suspension #teacher
